മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു

Spread the love

ജനമനസ്സറിഞ്ഞ പ്രിയനേതാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.അശരണരുടെ കണ്ണീരൊപ്പാന്‍ ഏതറ്റവരെയും പോകാന്‍ അദ്ദേഹത്തിന് മടിയില്ല. ജനങ്ങളുമായുള്ള സമ്പര്‍ക്കമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രാണവായു. വിഷമഘട്ടത്തില്‍ ഓടിയെത്തുന്ന നേതാവ്. എല്ലാ ഉയര്‍ച്ച താഴ്ചകളിലും അദ്ദേഹം തന്നോടൊപ്പം നിന്നിട്ടുണ്ട്.

കേരളം കണ്ട മികച്ച ഭരണാധികാരി. കേരള വികസനത്തില്‍ എക്കാലത്തെയും മികച്ച പദ്ധതികള്‍ കൊണ്ടുവരാനും നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനും ഉമ്മന്‍ ചാണ്ടിക്കായി. വികസനവും കരുതലും ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം.പുതുപ്പള്ളിയുടെ മണ്ണില്‍ നിന്നും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് പടര്‍ന്നുപന്തലിച്ച മഹാവൃക്ഷമായിരുന്നു അദ്ദേഹം.

ഭരണാധികാരിയെന്ന നിലയില്‍ ജനാഭിരുചി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. കെ.എസ്.യു വിദ്യാര്‍ത്ഥികാലം മുതല്‍ തുടങ്ങിയ ദീര്‍ഘകാലത്തെ ആത്മബന്ധമാണ് തനിക്ക് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നത്. 1967-68 കെ.എസ് യുവിന്റെ കോഴിക്കോട് നടന്ന പത്താം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ പ്രസിഡന്റായും തന്നെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. അന്ന് തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. അത് അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ തുടര്‍ന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ വിളിക്കുകയും പിതാവിന് തന്റെ ശബ്ദം കേള്‍ക്കണമെന്ന് അറിയിക്കുകയും ചെയ്തതിന്‍ പ്രകാരം താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.തീരെ അവശനിലയിലായിരുന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും തന്റെ ശബ്ദം കേട്ടപ്പോള്‍ അദ്ദേഹത്തിനുണ്ടായ പ്രതികരണം മകന്‍ തന്നോട് വിവരിച്ചത് അതീവ ഹൃദയവേദനയോടെ ഈ അവസരത്തില്‍ സ്മരിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *