കാലം മറക്കാത്ത ഉമ്മന്‍ ചാണ്ടി : ജെയിംസ് കൂടല്‍ (ചെയർമാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ)

Spread the love

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തിനു തിരിതാഴ്ന്നു. കോണ്‍ഗ്രസ് ആവേശമായും ജീവിതമായും കണ്ട കുറേ തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന് പ്രിയനേതാവ് പോയി മറയുന്നത് നിറയെ ആവേശവും ഊര്‍ജ്ജവും പകര്‍ന്നാണ്. പൊതുപ്രവര്‍ത്തകന്‍ എന്താകണം, എങ്ങനെയാവണം എന്ന ചോദ്യത്തിന് കേരളം ഇന്നും മാതൃകയായി ഉയര്‍ത്തി കാട്ടുന്ന ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. രോഗം തളര്‍ത്തിയ ശരീരം വഴങ്ങാതെ വന്നപ്പോഴും അദ്ദേഹം വിശ്രമത്തിന് ഇട നല്‍കിയില്ല. ജനങ്ങള്‍ക്കിടയില്‍ ഒരാളായി അവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നത് ആവേശമായി കണ്ട, സവിശേഷതകള്‍ ഏറെയുള്ള നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.

കോണ്‍ഗ്രസിന്റെ പെരുമയുള്ള മുഖമായി ഉമ്മന്‍ ചാണ്ടി വളര്‍ന്നപ്പോഴും എളിമ കൈവിടാതെ സൂക്ഷിച്ചു. പ്രതിസന്ധികളില്‍ തണല്‍വിരിച്ചും ആരോപണങ്ങളില്‍ പുഞ്ചിരിച്ചും നെഞ്ചുവിരിച്ചു നടന്നു. അത്രമേല്‍ പൊതുപ്രവര്‍ത്തനത്തിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി. സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം നടത്തി വന്ന ശ്രമങ്ങള്‍ മറ്റൊരു നേതാവിനും സങ്കല്‍പ്പിക്കാന്‍ കഴിയാത്തതായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി നടന്ന താന്‍ നേതാവായി ഇരിക്കാനില്ല എന്ന് സ്വയം പ്രഖ്യാപിച്ചു. വാതില്‍ ചാരാത്ത പുതുപ്പള്ളി വീട് ജനങ്ങള്‍ക്കായി തുറന്നിട്ടപ്പോഴും അദ്ദേഹം പറയാതെ പറഞ്ഞതും ഇതുതന്നെ.

അധികാരത്തിന്റെ സുഖലോലുപതയില്‍ മതി മറന്ന നേതാവായിരുന്നില്ല ഈ പുതുപ്പള്ളിക്കാരന്‍. ലോകത്തിനു തന്നെ മാതൃകയായി അദ്ദേഹം നടത്തി വന്ന ജനസമ്പര്‍ക്ക പരിപാടിയോട് മുട്ടി നില്‍ക്കാന്‍ മറ്റൊരു നേതാവിനും കഴിഞ്ഞില്ല. സാധാരാണക്കാരോട് തനിക്കുള്ള സമീപനം അദ്ദേഹം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയായിരുന്നു ഈ പരിപാടിയിലൂടെ. ദുരിതം അനുഭവിക്കുന്നവരിലേക്ക് ഒരു മുഖ്യമന്ത്രി തന്നെ നേരിട്ട് സംവദിച്ചത് കേരളത്തിന് പകര്‍ന്ന ആശ്വാസം ചെറുതല്ല.

മാറുന്ന കാലത്തിന് അനുസരിച്ച് പ്രസ്ഥാനത്തെ നവീകരിക്കുന്നതിലും സങ്കേതങ്ങള്‍ മോടിപിടിപ്പിക്കുന്നതിലും അദ്ദേഹം നടത്തി വന്ന ശ്രമങ്ങള്‍ വളരെ വലുതാണ്. പുതുതലമുറ കോണ്‍ഗ്രസ് ആശയങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നിരവധി കര്‍മ്മപദ്ധതികള്‍ എല്ലാ കാലത്തും ആവിഷ്‌ക്കരിച്ചു. അതുകൊണ്ടു തന്നെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഉമ്മന്‍ ചാണ്ടി എല്ലാ കാലത്തും.

പറയാനേറെയുണ്ട്, എഴുതിയാലും പറഞ്ഞാലും അത് അവസാനിക്കുന്നുമില്ല. കേരളത്തിന്റെ എല്ലാ കോണിലുമുണ്ടാകും ഉമ്മന്‍ ചാണ്ടിയുടെ സ്‌നേഹ പരിലാളനങ്ങള്‍ ഏറ്റുവാങ്ങിയ ഒരാളെങ്കിലും.

ജനകീയ നേതാവിന് വിട്… ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *