ഡാളസ് : ബഹുമാനപ്പെട്ട കേരള മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും അടിയന്തരമായി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി .
സ്വതന്ത്ര മാധ്യമപ്രവർത്തനത്തേയും മാധ്യമ പ്രവർത്തകരെയും ആദരികുകയും അംഗീകരിക്കുകയും ചെയ്ത ശ്രീ ഉമ്മൻചാണ്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഷ്കളങ്കനായ വ്യക്തിത്വത്തിന് ഉടമയും അഴിമതിയുടെ കണിക പോലും ഏൽക്കാത്ത ജനനായകനും പ്രഗൽഭനായ ഭരണാധികാരിയുമായിരുന്നുവെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡണ്ട് ശ്രീ സിജു വി ജോർജ് തൻറെ അനുശോചന പ്രസംഗത്തിൽ ചൂണികാട്ടി , അദ്ദേഹവുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തുവാനും,സുദീർഘമായി ഇൻറർവ്യൂ ചെയ്യുവാനും കഴിഞ്ഞത് തൻറെ പത്ര പ്രവർത്തക രംഗത്തെ ഒരു അമൂല്യ അനുഭവമായി ഇന്നും തന്റെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് ശ്രീ സിജു വി. ജോർജ് അനുസ്മരിച്ചു.
ജീവിതയാത്രയിൽ അഭിമുഖികരിക്കേണ്ടി വന്ന സംഘര്ഷനിര്ഭരമായ അവസരങ്ങളിൽ അടിയുറച്ച ദൈവവിശ്വാസം അതിനെയെല്ലാം അതിജീവിക്കുവാൻ ശ്രീ ഉമ്മൻചാണ്ടിക്കു ശക്തിപകർന്നിരുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ജനറൽ സെക്രട്ടറി സാം മാത്യു അഭിപ്രായപ്പെട്ടു
അമ്പതിലധികം വർഷത്തെ വ്യക്തിബന്ധം തനിക്ക് ശ്രീ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്നുവെന്ന് മാധ്യമപ്രവർത്തകനായ ശ്രീ പി പി ചെറിയാൻ അനുസ്മരിച്ചു. ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗം കോൺഗ്രസ് പാർട്ടിക്കും കേരള ജനതയ്ക്ക് ആകമാനവും ഒരു തീരാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സന്ദർഭങ്ങളിൽ ശ്രീ ഉമ്മൻ ചാണ്ടിയുമായി അടുത്ത് ഇടപെടുവാനും പല പദ്ധതികളിലും സഹകരിക്കുവാനും ഇടയായതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഡ്വൈസറി ബോർഡ് മെമ്പറും മുൻ പ്രസിഡന്റുമായ ശ്രീ സണ്ണി മാളിയേക്കൽ തൻറെ അനുഭവങ്ങളിലൂടെ പങ്കുവെച്ചു.
അമേരിക്കയിൽ വരുവാൻ തടസ്സമായി നിന്ന് ചില സാങ്കേതിക പ്രശ്നങ്ങളെ ശ്രീ ഉമ്മൻചാണ്ടി പരിഹരിച്ചതു കൊണ്ട് മാത്രമാണ് തനിക്ക് അമേരിക്കയിൽ വരുവാൻ കഴിഞ്ഞതെന്നും അതിന് അദ്ദേഹത്തോട് താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും ട്രഷറർ ശ്രീ ബെന്നി ജോൺ പ്രസ്താവിച്ചു.അഡ്വൈസറി ബോർഡ് ചെയര്മാൻ ബിജിലി ജോർജ്, പ്രസാദ് തിയോടിക്കൽ ,അഞ്ചു ബിജിലി എന്നിവരും തങ്ങളുടെ സ്മരണകൾ പങ്കുവെച്ചു .
Report : P.P.Cherian BSc, ARRT(R)