തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി വരുന്നു

Spread the love

തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതിയുടെ (സി.എം.പി) കരട് ചർച്ച ചെയ്തു.തിരുവനന്തപുരം ജില്ലയിൽ നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതിയുടെ (സി.എം.പി) കരട് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.നഗരത്തിന്റെ ഗതാഗത വികസനത്തിന് മോണോ റെയിൽ, മെട്രോ റെയിൽ, മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവയുടെ സാധ്യതകൾ പരിശോധിക്കണമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ, നെയ്യാറ്റിൻകര നഗരസഭ, എട്ടു ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണു സമഗ്ര ഗതാഗത പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ കരട് റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു. വനിതാ ശിശു സൗഹൃദ കോറിഡോർ, വിഴിഞ്ഞം പദ്ധതി, എയർപോർട്ട് എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചുള്ള ഗതാഗത വികസനം, എലിവേറ്റഡ് ഹൈവേ, തിരുവനന്തപുരം, നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനം എന്നിവയും സമഗ്ര ഗതാഗത പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ചർച്ചയിൽ തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ, പദ്ധതിയുടെ കരട് അവതരണവും തുടർ ചർച്ചകളും സംഘടിപ്പിക്കാനും തീരുമാനിച്ചു. ചോദ്യോത്തര സെഷനും സംഘടിപ്പിച്ചിരുന്നു.എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ കരട് റിപ്പോർട്ട് കെ.എം.ആർ.എൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേൽ പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *