നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം ധൂര്‍ത്തും അഴിമതിയുമെന്ന് കെ സുധാകരന്‍

Spread the love

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ആളുകള്‍ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുകയും ചെയ്യുമ്പോള്‍, ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചത് ധൂര്‍ത്തും അഴിമതിയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ഡല്‍ഹിയിലും മുഴക്കാനാണ് ഇത്തരം പരിപാടികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതേസമയം, കേരള ഹൗസില്‍ രാഷ്ട്രീയപരിഗണനമാത്രംവച്ച് അനധികൃത നിയമനങ്ങളും പ്രമോഷനും നടപ്പാക്കി വരുന്നു. ക്ലാസ്സ് 3 ക്ലാസ്സ് 4 ജീവനക്കാരായി നിയമിച്ചതില്‍ ഭൂരിഭാഗവും സിപിഎം നടത്തിയ രാഷ്ട്രീയ നിയമങ്ങളാണ്. ഇവരില്‍ പലര്‍ക്കും ഗസറ്റ് പദവയിലേക്ക് സ്ഥാനക്കയറ്റം നല്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പ്രോട്ടോകോള്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രോട്ടോകോള്‍, ലൈസന്‍ ഓഫീസര്‍, ഹൗസ് കീപ്പിംഗ് മാനേജര്‍, കാറ്ററിങ് മാനേജര്‍ എന്നീ പദവിയിലേക്കാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പോകുന്നത്. ഇതു നിയമവിരുദ്ധമാണ്.

ശമ്പളവും പെന്‍ഷനും ലഭിക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനം പ്രദക്ഷിണം നടത്തുകയും ക്ഷേമപദ്ധതികളെല്ലാം മുടങ്ങുകയോ മുടന്തുകയോ ചെയ്യുമ്പോഴാണ് ഇത്തരം അഴിമതികള്‍ അരങ്ങേറിയത്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികള്‍ പണം കിട്ടാത്തതു കാരണം നിലച്ചിരിക്കുകയാണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വന്‍തോതില്‍ വര്‍ദ്ധിച്ച് ജനങ്ങള്‍ ദുസഹമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്നു. വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈകോയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു കഴിഞ്ഞു. നെല്ല് സംഭരിച്ച വകയിലും കോടികള്‍ നല്‍കാനുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *