കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഉന്നതനായ നേതാവും മികച്ച സംഘാടകനും ഭരണാധികാരിയുമായ നേതാവിനെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും കെപിസിസി ഭാരവാഹിയായും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ശക്തമായ നേതൃത്വം നല്‍കിയ നേതാവ്. നിരവധിതവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും
നിയമസഭയിലെത്തിയ അദ്ദേഹം വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി പദവി വഹിച്ചിട്ടുണ്ട്.
കൃഷി,ആരോഗ്യം,ടൂറിസം,ധനകാര്യം, തൊഴില്‍, നിയമം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ മന്ത്രിമാരുടെ മുന്‍ നിരയിലുള്ള ഭരണാധികാരിയാണ്. സ്പീക്കര്‍ എന്ന നിലയില്‍ സഭാനടപടികള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു. ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച് പാര്‍ലമെന്റിലെത്തിയ അദ്ദേഹം പബ്‌ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ആന്‍ഡമാന്‍ ഗവര്‍ണ്ണറുടെ പദവി വഹിക്കുന്ന കാലത്ത് അവിടെത്തെ ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ടൂറിസം മന്ത്രിയായിരിക്കെ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഓണത്തോട് അനുബന്ധിച്ച് ടൂറിസം വാരാഘോഷത്തിന് തുടക്കം കുറിച്ചത് അദ്ദേഹം മന്ത്രിയായിരിക്കെയാണ്. കേരള ഹൗസ് ഉള്‍പ്പെടെ ടൂറിസം വകുപ്പിന്റെ കീഴില്‍ നിരവധി ഗസ്റ്റ് ഹൗസുകള്‍ നിര്‍മ്മിച്ചത് വക്കം മന്ത്രിയായിരുന്ന കാലത്താണ്. തൊഴില്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ കര്‍ഷക തൊഴിലാളി നിയമവും ചുമട്ടുതൊഴിലാളി നിയമവും ഉള്‍പ്പെടെ സുപ്രധാനമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ വക്കത്തിന് സാധിച്ചു. ദീര്‍ഘകാലത്തെ വ്യക്തിപരമായ അടുപ്പവും സൗഹൃദവും വക്കം പുരുഷോത്തമനുമായി തനിക്ക് ഉണ്ടായിരുന്നു. സഹോദരതുല്യമായ സ്‌നേഹമാണ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അദ്ദേഹത്തെ അണ്ണനെന്നും തന്നെ അനിയനെന്നുമാണ് ഞങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേരിട്ടെത്തണമെന്ന ആഗ്രഹം അദ്ദേഹം എന്നോട് പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹത്തിന് അത് സാധിക്കാതെപോയി. അതിലുള്ള ദുഃഖം ഇടയ്ക്ക് അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും എംഎം ഹസ്സന്‍ പറഞ്ഞു.