സ്പീക്കറുടെ പ്രസ്താവന വര്‍ഗീയശക്തികള്‍ക്ക് ആയുധം നല്‍കുന്നത് : പ്രതിപക്ഷനേതാവ്

Spread the love

തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

തിരുവനന്തപുരം : സ്പീക്കറുടെ പ്രസ്താവന വര്‍ഗീയശക്തികള്‍ക്ക് ആയുധം നല്‍കുന്നത്; തിരുത്തുന്നതാണ് നല്ലത്; ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടികുഴയ്‌ക്കേണ്ട; സംഘപരിവാറും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; ആളിക്കത്തിച്ചവര്‍ തന്നെ തീ കെടുത്തണം; എന്‍.എസ്.എസിന് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; മതതീവ്രവാദികള്‍ക്കോ സംഘപരിവാറിനോ ഇതുവരെ കീഴടങ്ങാത്ത പ്രസ്ഥാനമാണ് എന്‍.എസ്.എസ്.

ആചാരക്രമങ്ങളിലും വിശ്വാസങ്ങളിലും വ്യക്തി നിയമങ്ങളിലും സര്‍ക്കാരോ കോടതികളോ ഇടപെടാന്‍ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്. ചരിത്ര സത്യമെന്നതു പോലെ വിശ്വാസസത്യവുമുണ്ട്. ചരിത്ര സത്യം പോലെ വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. ശാസ്ത്ര ബോധത്തെ

മതവിശ്വാസവുമായി കൂട്ടികുഴയ്‌ക്കേണ്ട. ഒരു ശാസ്ത്ര ബോധവും മതഗ്രന്ഥങ്ങളില്‍ പറയുന്ന ഒരു കാര്യവുമായും പൊരുത്തപ്പെട്ട് പോകില്ല. അതുകൊണ്ടു തന്നെ ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി ആരും കൂട്ടികുഴയ്ക്കാറില്ല. എല്ലാ വാതിലുകളും ജനലുകളും ഞാന്‍ തുറന്നിട്ടിരിക്കുകയാണെന്നും എല്ലാ വിചാരധാരകളും കയറിയിറങ്ങിക്കോട്ടെ. എന്റെ അടിസ്ഥാനത്തില്‍ യാതൊരു മാറ്റവും ഇല്ലെന്നാണ് ഗാന്ധിജി പറഞ്ഞത്. യുക്തിയും വിശ്വാസവും സഹിഷ്ണുതയും ജനാധിപത്യ ബോധവും ആധുനികതയും ശാസ്ത്ര ബോധവുമൊക്ക അവിടെയുണ്ട്.
പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. വിശ്വാസങ്ങളെ ഹനിക്കേണ്ട കാര്യമില്ല. വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യവുമില്ല.

സ്പീക്കറുടേത് വര്‍ഗീയ വാദികള്‍ക്ക് ആയുധം നല്‍കുന്ന പ്രസ്താവനയാണ്. പ്രസ്താവന വന്നയുടന്‍ ബി.ജെ.പിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സി.പി.എം ശ്രദ്ധേയോടെ അതിനെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ വര്‍ഗീയവാദികളുടെ അതേ രീതിയില്‍ ആളിക്കത്തിക്കാനാണ് സി.പി.എമ്മും ശ്രമിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതികരണങ്ങളാണ് സി.പി.എം നേതാക്കള്‍ നടത്തിയത്. ഇതൊക്കെ പൊതുസമൂഹത്തിന് നല്ലതല്ല. എല്ലാവരും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുന്നത്.

പ്രസ്താവന തിരുത്തുന്നതാണ് സ്പീക്കര്‍ക്ക് നല്ലത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കുറച്ചുകൂടി ജാഗ്രതയോടെ വേണം ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. എന്നാല്‍ ആ ജാഗ്രത കാട്ടാന്‍ സ്പീക്കര്‍ തയാറായില്ല. വിശ്വാസത്തിന് മുറിവേല്‍ക്കുന്ന തരത്തിലുള്ളതായിരുന്നു സ്പീക്കറുടെ പ്രസ്താവന. ശാസ്ത്ര ബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. വിശ്വാസം വിശ്വാസമായി തന്നെ നിലനില്‍ക്കട്ടെ. അത് ഓരോരുത്തരുടെയും ജീവിക്കാനുള്ള പിന്‍ബലവും ആത്മവിശ്വാസവുമാണ്.

സ്പീക്കറുടെ പരാമര്‍ശത്തില്‍ മനപൂര്‍വമാണ് പ്രതിപക്ഷം പ്രതികരിക്കാതിരുന്നത്. കെട്ടടങ്ങുന്നെങ്കില്‍ കെട്ടടങ്ങട്ടേയെന്ന് കരുതി. ഞങ്ങള്‍ കൂടി വന്ന് എരിതീയില്‍ എണ്ണയൊഴിക്കേണ്ടെന്ന് കരുതിയാണ് നേതൃത്വവുമായി ആലോചിച്ച് യു.ഡി.എഫ് ഇത്ര ദിവസവും പ്രതികരിക്കാതിരുന്നത്. എന്നാലിപ്പോള്‍ സംഘപരിവാറും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വേണ്ടി വിഷയം കത്തിക്കുകയാണ്. പ്രസ്താവന നടത്തിയവര്‍ തന്നെയാണ് അത് തണുപ്പിക്കേണ്ടത്. സി.പി.എം ഉത്തരവാദിത്ത ബോധത്തോടെയുള്ള നിലപാടെടുക്കണം. പക്ഷെ കൂടുതല്‍ കുഴപ്പമുണ്ടാക്കാനാണ് സി.പി.എം നേതാക്കള്‍ ശ്രമിക്കുന്നത്. ഭിന്നിപ്പുണ്ടാക്കുന്ന സംഘപരിവാര്‍ ഭാഷയില്‍ തന്നെയാണ് സി.പി.എം നേതാക്കള്‍ സംസാരിക്കുന്നത്.

കെട്ടടങ്ങിപോകേണ്ട വിഷയത്തെ കൈ വെട്ടുമെന്നും കാല്‍വെട്ടുമെന്നും മോര്‍ച്ചറിയിലാക്കുമെന്നും പറഞ്ഞ് ആളിക്കത്തിച്ചു. വിവാദം നിര്‍ത്തണമെന്ന് പറയാതെ സി.പി.എം സംഘപരിവാര്‍ നേതാക്കള്‍ ആളിക്കത്തിച്ചു. മനപൂര്‍വമായാണ് യു.ഡി.എഫ് അഭിപ്രായം പറയാതിരുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണ റാലി നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. യു.ഡി.എഫിനും ഇതേ നിലപാടാണുള്ളത്. വിശ്വാസങ്ങളിലേക്കും ആചാരക്രമത്തിലേക്കും വ്യക്തിനിയമങ്ങളിലേക്കും സര്‍ക്കാരും ജുഡീഷ്യറിയും കടന്നു വരേണ്ടെന്നും സ്റ്റേറ്റിസത്തിലേക്ക് പോകേണ്ടന്നുമുള്ള നിലപാടാണ് ശബരിമല വിഷയത്തിലും ബഹുസ്വരതാ സംഗമത്തിലും യു.ഡി.എഫ് സ്വീകരിച്ചത്. വിശ്വാസത്തെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ആരും ഉപയോഗിക്കരുത്.

എന്‍.എസ്.എസ് ഒരു വിശ്വാസ സമൂഹമാണ്. അവര്‍ക്ക് അവരുടേതായ രീതിയില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിശ്വാസവും പൂജയുമൊക്കെ മതപരമായ കാര്യങ്ങളാണ്. അതിനെയൊന്നും തെരുവിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. സ്പീക്കറും സി.പി.എമ്മും ഗൗരവത്തോടെ വിഷയത്തെ കണ്ട് ഇത് ആറിത്തണുപ്പിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ബി.ജെ.പിയുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ ശേഷിയുള്ള നേതൃത്വം എന്‍.എസ്.എസിനുണ്ട്. അടിച്ചതിനകത്ത് സംഘപരിവാറിനെ കയറ്റാത്ത സംഘടനയാണ് എന്‍.എസ്.എസ്. പണം കൊടുത്തോ കേസെടുത്തോ എന്‍.എസ്.എസിനെ സ്വാധീനിക്കാന്‍ പറ്റില്ല. ഭീഷണികള്‍ക്കൊന്നും എന്‍.എസ്.എസ് ഇതുവരെ വഴങ്ങിയിട്ടില്ല. മതതീവ്രവാദികള്‍ക്കോ സംഘപരിവാറിനോ ഇതുവരെ കീഴടങ്ങാത്ത പ്രസ്ഥാനമാണ് എന്‍.എസ്.എസ്. അതുതന്നെയാണ് എന്‍.എസ്.എസിന്റെ പ്രസക്തിയും.

വിവാദം ഇന്നുകൊണ്ട് അവസാനിപ്പിക്കണമെന്നതാണ് യു.ഡി.എഫിന്റെ അഭ്യര്‍ത്ഥന. കെ. സുരേന്ദ്രന്‍ പറയുന്നത് കേട്ട് പ്രതികരിക്കുന്നവരല്ല കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍. സമൂഹത്തില്‍ കലാപവും ഭിന്നിപ്പിക്കും ശത്രുതയും ഉണ്ടാക്കാന്‍ കാത്തിരിക്കുന്നവരാണ് അവര്‍. ഇതുപോലുള്ള വിഷയം വരുമ്പോള്‍ അവര്‍ ചാടി വീഴുന്നത് പോലെ ഞങ്ങള്‍ ചെയ്യില്ല. ഇതില്‍ നിന്നും ഒരു രാഷ്ട്രീയ ലാഭവും വോട്ടും ഞങ്ങള്‍ക്ക് വേണ്ട. നാട്ടില്‍ സമാധാനം ഉണ്ടായാല്‍ മതിയെന്നതാണ് നിലപാട്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഒരു വര്‍ഗീയവാദികള്‍ക്ക് പിന്നാലെയും പോകില്ല. ഒരു കാലത്തും എടുക്കാത്ത ശക്തമായ നിലപാടാണിത്. നാല് വോട്ട് കിട്ടാന്‍ ഈ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. വിവാദം ആളിക്കത്തിച്ചാല്‍ എന്ത് ഗുണമാണ് കിട്ടുന്നത്. വിവാദം ഇന്നു തന്നെ തീര്‍ക്കണം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് ഇതിനുള്ള ഉത്തരവാദിത്തമുണ്ട്. വിഷയം ഇന്നു തന്നെ അവസാനിപ്പിക്കാന്‍ സി.പി.എം തയാറായില്ലെങ്കില്‍ സംഘപരിവാറിനെ പോലെ അവരും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിടുന്നെന്നു വേണം കരുതാന്‍.

Author

Leave a Reply

Your email address will not be published. Required fields are marked *