വലപ്പാട് : വർധിച്ചുവരുന്ന അർബുദ രോഗത്തെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന ഉത്കണ്ഠകളെക്കുറിച്ചും മണപ്പുറം ഫിനാൻസിന്റെ ആസ്ഥാനത്ത് അർബുദ അവബോധന ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വി പി ഗംഗാധരനാണ് ക്ലാസ് നയിച്ചത്. ചടങ്ങിന്റെ ഉത്ഘാടനം മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ നിർവഹിച്ചു. വലപ്പാട് ജി.വി.എച്ച്. എസ്.എസ് സ്കൂൾ പിടിഎ പ്രസിഡന്റ് ലൈല റഷീദ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നിലാവ് കുവൈറ്റിന്റെ സഹകരണത്തോടെ വലപ്പാട് ജി.വി.എച്ച്. എസ്.എസിലെ വിദ്യാർത്ഥികൾക്കായാണ് അവബോധന ക്ലാസ് സംഘടിപ്പിച്ചത്.
താൻ കടന്നുവന്ന വഴിത്താരയിൽ തളംകെട്ടിനിൽക്കുന്ന ഹൃദയഹാരിയായ ജീവിതങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഗംഗാധരൻ ഡോക്ടർ ക്ലാസ് നയിച്ചത്. ‘പലരുടെയും സംശയങ്ങൾ പലവിധമുള്ളതാണ്. രോഗം എങ്ങിനെവരും? രോഗ നിർണയം എങ്ങിനെ? ചികിത്സ എവിടെ ലഭിക്കും? വീണ്ടും വരാനുള്ള സാധ്യത എത്രമാത്രമാണ്? എന്നിങ്ങനെ പോകുന്നു സംശയങ്ങൾ. ഭയമൊട്ടുമില്ലാതെ രോഗത്തെ അംഗീകരിക്കുക എന്നുള്ളതാണ് ആ രോഗത്തിൽനിന്നും പുറത്തുവരുന്നതിനുള്ള ആദ്യ മാർഗ്ഗം. മികച്ച ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. അവ കൃത്യമായി അവലംബിച്ചാൽ പൂർണ ഭേദമാകുമെന്നും നിരവധിയാളുകളുടെ സാക്ഷ്യപെടുത്തലുണ്ട്. അഷ്‌റഫ് എന്ന ദീർഘദൂര ഓട്ടക്കാരന്റെ ജീവിതം വിത്യസ്തമാകുന്നതും ഇവിടെയാണ്. ക്യാൻസറിൽ നിന്നും പൂർണമുക്തി കൈവരിച്ച അദ്ദേഹം തുടർന്നുള്ള രണ്ടുമാസംകൊണ്ട് ഓടിത്തീർത്തത് 55 കിലോമീറ്ററാണ്. ക്യാൻസറിന് ശേഷവും ജീവിതമുണ്ടെന്നു അഷ്‌റഫിനെപോലെ നിരവധിയാളുകൾ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ, പഴയതിലും കൂടുതൽ ഊർജ്ജസ്വലതയോടെ അവർക്ക് ജീവിതം മുന്നോട്ടു നയിക്കാൻ സാധിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
‘വിവിധ തരം അർബുദ വിഭാഗങ്ങളിൽ അറുപതു ശതമാനത്തോളം സ്വയം നിയന്ത്രണത്തിലൂടെ ഒഴിവാക്കാം. പുകവലിയും മദ്യപാനവും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവും പൂർണമായി ഉപേക്ഷിക്കുകവഴി വായ്ക്കുള്ളിലും വൻകുടലിനും ബാധിക്കുന്ന അർബുദത്തെ ഒഴിവാക്കാനാവും. ആരംഭത്തിലുള്ള കൃത്യമായ നിരീക്ഷണങ്ങൾ വഴി സ്തനാർബുദത്തെയും ഒരു പരിധിവരെ പ്രതിരോധിക്കാം. വേദനയില്ലാതെ വളരുന്ന മുഴകളാണ് പലപ്പോഴും അർബുദ ലക്ഷണങ്ങളായി കാണുന്നത്. സംശയമുള്ളവർ ഒട്ടുംവൈകാതെ വൈദ്യസഹായം തേടേണ്ടതുണ്ട്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ നിലാവ് കുവൈറ്റ് പ്രധിനിധി ഹബീബുള്ള മുറ്റിച്ചൂർ, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ അജയഘോഷ്, ഹയർസെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് അജിത്ത്കുമാർ ടി, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: മണപ്പുറം ഫിനാൻസിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച അർബുദ അവബോധന ക്ലാസിന്റെ ഉത്ഘാടനം മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ നിർവഹിക്കുന്നു. പ്രശസ്ത മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വി പി ഗംഗാധരൻ സമീപം.
Ajith V Raveendran