സുപ്രീം കോടതി വിധി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടി – പ്രതിപക്ഷ നേതാവ്‌

Spread the love

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്തുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നാലേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. രാഹുല്‍ ഗാന്ധിക്ക് വ്യക്തിപരമായി കിട്ടിയ ആശ്വാസം എന്നതിലുപരി രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായിട്ടില്ലെന്നും സുപ്രീം കോടതിയെങ്കിലും ഉണ്ടെന്നുമുള്ള സന്ദേശമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിവരയിടുന്നതാണ് സുപ്രീം കോടതി പരാമര്‍ശങ്ങള്‍. രണ്ട് വര്‍ഷമെന്ന പരമാവധി ശിക്ഷ എന്തുകൊണ്ട് വിധിച്ചെന്ന ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചത്. പാര്‍ലമെന്റില്‍ നിന്നും രാഹുലിനെ അയോഗ്യനാക്കുന്നതിന് വേണ്ടിയാണ് രണ്ട് വര്‍ഷത്തെ പരമാവധി ശിക്ഷ നല്‍കിയത്. അദാനിയും മോദിയും തമ്മിലുള്ള അവിഹിത സാമ്പത്തിക ബന്ധത്തിന്റെ കഥകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി ചോദിച്ചെന്നതാണ് രാഹുല്‍ ഗാന്ധിക്കെതിരായ കുറ്റം. ഈ ചോദ്യം ചോദിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിന്റെ ഗതിയാകെ മാറിമറിഞ്ഞത്. മോദിയോടുള്ള ചോദ്യത്തിന് പിന്നാലെ പരാതിക്കാരന്‍ തന്നെ സ്റ്റേ നീക്കാന്‍ കോടതിയെ സമീപിച്ചും വിചാരണ കോടതി ജഡ്ജിയെ മാറ്റി മറ്റൊരാളെ നിയമിച്ചും ചടുലമായ നീക്കത്തിലൂടെ കോടതി നടപടികള്‍ വേഗത്തിലാക്കിയുമാണ് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

ക്രിമിനല്‍ ശിക്ഷാ നടപടി ക്രമത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്നവരെ പോലും വിസ്മയിപ്പിക്കുന്നതായിരുന്നു അപ്പീല്‍ കോടതിയുടെയും ഹൈക്കോടതിയുടെയും വിധി. രണ്ടു കൊല്ലത്തെ പരമാവധി ശിക്ഷ കൊടുത്തത് എന്തുകൊണ്ടാണ് അപ്പലേറ്റ് കോടതികള്‍ കാണാതെ പോയതെന്നും സുപ്രീം കോടതി ചോദിച്ചിട്ടുണ്ട്. സവര്‍ക്കറുടെ കൊച്ചുമകന്‍ കേസ് നല്‍കിയെന്ന വിചിത്രമായ പരാമര്‍ശവും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുണ്ടായി. ആര് കേസ് നല്‍കിയാലും നിയമത്തിന് മുന്നില്‍ എന്ത് പ്രസക്തിയാണുള്ളത്? സംഘപരിവാര്‍ ഉപയോഗിക്കുന്ന വീര്‍ സവര്‍ക്കറെന്ന വാക്ക് പോലും ഗുജറാത്ത് ഹൈക്കോടതി ഉപയോഗിച്ചു. രാഹുലിനെതിരെ മറ്റ് കേസുകളുള്ളതിനാല്‍ സ്‌റ്റേ അനുവദിക്കാനികില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ച് പുറത്താക്കി പാര്‍ലമെന്റില്‍ എത്തിക്കാതിരിക്കുകയെന്നതായിരുന്നു ഭരണകൂട ഗൂഡാലോചന.

ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്നാലും എത്ര അയോഗ്യത കല്‍പിച്ചാലും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. നീതി ന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ സുപ്രീം കോടതി ഉത്തരവ് സഹായകമാകും. നീതിബോധത്തോടെ ഉന്നത നീതിപീഠം തീരുമാനം എടുത്തെന്നത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. നരേന്ദ്ര മോദിയുടെയും ഫാസിസത്തിന്റെയും മുഖത്ത് നോക്കി കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ ഒന്നിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.

പ്രധാനമന്ത്രി പോലും തിരിഞ്ഞു നോക്കാത്ത മണിപ്പൂരില്‍ വെടിയൊച്ചകള്‍ മുഴങ്ങുന്ന തെരുവുകളിലൂടെ നടന്നു ചെന്ന് ജനങ്ങളെ ചേര്‍ത്ത് പിടിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളുടെയെല്ലാം പ്രതീക്ഷയാണ് അദ്ദേഹം. ഭരണകൂടം ഭയപ്പെടുന്ന നേതാവായി രാഹുല്‍ മാറിയിരിക്കുകയാണ്. ഇന്ത്യ എന്ന മഹാസഖ്യത്തിന്റെ ഊര്‍ജ്ജവും നേതാവും രാഹുല്‍ ഗാന്ധി തന്നെയാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *