ആഭ്യന്തര വകുപ്പില്‍ നടക്കുന്നത് നാണംകെട്ട കാര്യങ്ങള്‍; ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കും : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് മുതലപ്പൊഴിയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (07/08/2023).

തിരുവനന്തപുരം : എല്ലാ വിഷയങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയില്‍ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ല. ഇങ്ങോട്ട് മാത്രമെ പറയൂ. മുഖ്യമന്ത്രി പാര്‍ട്ടി യോഗങ്ങളില്‍ മാത്രമെ സംസാരിക്കൂ. പാര്‍ട്ടി

യോഗങ്ങളില്‍ മുന്നില്‍ ഇരിക്കുന്ന സഖാവിന് എഴുന്നേറ്റു നിന്ന് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനാകില്ലല്ലോ. മാധ്യമങ്ങളെ കാണാനും പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും മുഖ്യമന്ത്രി തയാറല്ല. ഗൗരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മറുപടിയില്ല. നാട്ടില്‍ എന്ത് സംഭവിച്ചാലും അത് അദ്ദേഹത്തെ ബാധിക്കില്ല. അദ്ദേഹത്തിന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പില്‍ നാണംകെട്ട കാര്യങ്ങളാണ് നടക്കുന്നത്. ഉത്തരം പറയേണ്ടെന്നത് മുഖ്യമന്ത്രി ഒരു സൗകര്യമായി എടുത്തിരിക്കുകയാണ്. പക്ഷെ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരം പറയിക്കും.

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടല്ല നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. അയാളോട് ചോദിച്ചിട്ടല്ല നിയമസഭയിലെ നടപടിക്രമങ്ങള്‍ യു.ഡി.എഫ് തീരുമാനിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിയമസഭയുടെ പുറത്ത് നിന്ന് പറഞ്ഞാല്‍ മതിയെന്നാണ് കേരളത്തിലെ ജനങ്ങള്‍ സുരേന്ദ്രന്റെ പാര്‍ട്ടിയോട് പറഞ്ഞിരിക്കുന്നത്. അദ്ദേഹം നിയമസഭ ഗേറ്റിന് പുറത്ത് നിന്നു കൊണ്ട് പറയുകയും തീരുമാനിക്കുകയും ചെയ്താല്‍ മതി. അകത്ത് പറയേണ്ട കാര്യങ്ങള്‍ യു.ഡി.എഫ് തീരുമാനിക്കും. സ്പീക്കര്‍ക്കെതിരായ വിഷയത്തില്‍ യു.ഡി.എഫ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് പറയേണ്ടിടത്ത് പറയും.

തനൂരിലെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരുതരമായ കൃത്യവിലോപവും കുറ്റകൃത്യവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. രാസ പരിശോധനാ ഫലം കൂടി പുറത്ത് വരട്ടെ. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ട്.

തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന തോമസ് കെ. തോമസ് എം.എല്‍.എയുടെ ആരോപണം ഗുരുതരമാണ്. അദ്ദഹത്തിന്റെ ഡ്രൈവറുമായി ചേര്‍ന്ന് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടയാള്‍ ഗൂഡാലോച നടത്തിയെന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇത് പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇക്കാര്യം ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *