തിരുവനന്തപുരം : ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഗുരുതരമായ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. സി.എം.ആര്‍.എല്‍ എന്ന കമ്പനിക്ക് ഒരു സര്‍വീസും നല്‍കാതെ മുഖ്യമന്ത്രിയുടെ മകളുടെയും അവരുടെ കമ്പനിയുടെയും അക്കൗണ്ടിലേക്ക് 1.72 കോടി കൈമാറിയിരിക്കുന്നെന്നാണ് കണ്ടെത്തല്‍. ഒരു സര്‍വീസും നല്‍കിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ കമ്പനിയിലെ ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട്. തെറ്റായ രീതിയില്‍ കൈമാറിയ തുക നിയമപരമാക്കുന്നതിന് വേണ്ടി മാത്രമാണ് എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മില്‍ എഗ്രിമെന്റ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള ആരോപണത്തിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷ നേതാവിന്റെ അക്കൗണ്ടിലേക്ക് 1.72 കോടി രൂപ വന്നെന്ന തരത്തിലാണ് നിങ്ങള്‍ ഇപ്പോള്‍ ചോദ്യം ചോദിക്കുന്നത്. ആറ് മാസമായി നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടോ? നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം. മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നത് സംബന്ധിച്ച് ഒരു വാര്‍ത്തയും കണ്ടില്ലല്ലോ? ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ മുഖ്യമന്ത്രി മറുപടി നല്‍കുമായിരുന്നില്ല. അഴിമതി നിരോധന നിയമം സെക്ഷന്‍ 7 പ്രകാരം കേസെടുക്കേണ്ട വിഷയമാണ്. ഇല്ലെങ്കില്‍ നിയമപരമായ നടപടികള്‍ ആലോചിച്ച് തീരുമാനിക്കും.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആക്ഷേപം അടിയന്തിര പ്രമേയമായി ഉന്നയിക്കാവുന്ന വിഷയമല്ല. അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുന്ന വിഷയം നിയമസഭ ചട്ടപ്രകാരം അടിയന്തിര പ്രമേയമായി ഉന്നയിക്കാനാകില്ല. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയാല്‍ ഒരു പ്രതിരോധവും തീര്‍ക്കാനാകാത്ത തരത്തില്‍ സ്പീക്കര്‍ അത് നിരസിക്കും. അഴിമതി ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കണമെങ്കില്‍ അതിന് വേറെ മാര്‍ഗങ്ങളുണ്ട്.
ഏത് വിഷയം ഉന്നയിക്കണമെന്ന് തീരുമാനിക്കുന്നത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ വിഷയത്തിലാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നതെങ്കില്‍ പ്രതിപക്ഷത്തിന്റെ ഒരു അവസരം നഷ്ടമായേനെ. സബ്മിഷനായാണ് നോട്ടീസ് നല്‍കിയിരുന്നതെങ്കില്‍ പ്രാധാന്യം കുറഞ്ഞ് പോയേനെയെന്ന് മാധ്യമങ്ങള്‍ പറഞ്ഞേനെ. താനൂര്‍ കസ്റ്റഡി മരണം ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കഴിഞ്ഞ ദിവസം ചോദിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് താനൂര്‍ കസ്റ്റഡി മരണം ഇന്ന് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അഴിമതി ആരോപണം അടിയന്തിര പ്രമേയമായി ചട്ടപ്രകാരം ഉന്നയിക്കാനാകില്ല.
സ്റ്റാറ്റിയൂട്ടറി ബോഡിന്റെ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്നതാണ് ആരോപണം. വിഷയം വന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വ്യവസായികളില്‍ വിദേശ മലയാളികളില്‍ നിന്നും സംഭാവന വാങ്ങാറുണ്ട്. അതില്‍ എന്താണ് തെറ്റ്? പാര്‍ട്ടി പ്രവര്‍ത്തനത്തിനും പൊതുപരിപാടികള്‍ക്കുമായി ഇത്തരത്തില്‍ സംഭാവന സ്വീകരിക്കാറുണ്ട്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അതത് കാലങ്ങളില്‍ പാര്‍ട്ടി ആവശ്യങ്ങള്‍ക്കു വേണ്ടി പണം സമാഹരിക്കുന്നതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ഐ.ഡി.സിക്ക് കൂടി പങ്കാളിത്തമുള്ള കമ്പനി നടത്തുന്ന ആളില്‍ നിന്നും സംഭാവന വാങ്ങുന്നതില്‍ ഒരു തെറ്റുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഭാവന വാങ്ങാറുണ്ട്.
പി.കെ കുഞ്ഞാലിക്കുട്ടി
പാര്‍ട്ടി സംഭാവന വാങ്ങിയിട്ടുണ്ടെങ്കില്‍ രസീത് നല്‍കിയിട്ടുണ്ടാകും കണക്കും വച്ചിട്ടുണ്ടാകും. മാധ്യമ സ്ഥാപനങ്ങളും പ്രസ് ക്ലബ്ബുകളും മാധ്യമ പ്രവര്‍ത്തകരുമൊക്കെ പണം വാങ്ങിയവരുടെ പട്ടികയിലുണ്ട്. ചാരിറ്റിയും സ്‌പോണ്‍സര്‍ഷിപ്പും പരസ്യവുമൊക്കെ യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവന നിയമപരിമാക്കുന്നതിന് വേണ്ടി നിയമനിര്‍മ്മാണം നടക്കുന്ന കാലമാണിത്.