ഭക്ഷ്യവകുപ്പിനോടുള്ള സര്‍ക്കാര്‍ സമീപനം പിശുക്കന്‍ മടിശീല അഴിക്കുംപോലെയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Spread the love

വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപിണി ഇടപെടലിന് ക്രിയാത്മക നടപടിയും സമീപനവും സ്വീകരിക്കുന്നതിന് പകരം പിശുക്കന്‍ മടിശീല അഴിക്കുംപോലെ സിപിഐ ഭരിക്കുന്ന ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പിനോട് മുഖ്യമന്ത്രിയും ധനമന്ത്രിയും കാട്ടുന്ന അവഗണന
കേരളത്തിലെ ലക്ഷകണക്കിന് മലയാളികളുടെ ഓണത്തിന്റെ നിറംകെടുത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

മലയാളികളുടെ ഇത്തവണത്തെ ഓണം അതിരൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടും.പൊതുവിതരണം സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണം. ഇല്ലെങ്കില്‍ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരും ആയിരിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണി ഇടപെടലിനായി സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 70 കോടി മാത്രമാണ് സര്‍ക്കാര്‍ സിവില്‍സപ്ലൈസിന് നല്‍കിയത്. കഴിഞ്ഞ ബജറ്റില്‍ 190 കോടി രൂപ കമ്പോള ഇടപെടലിനായി വകയിരുത്തിയതാണ്.കൂടാതെ നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിനും വിപണിയിടെപെടലിനും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി രണ്ടായിരം കോടി രൂപയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും മുഴുവന്‍ തുകയും നല്‍കിയിട്ടില്ല. പ്രതിഷേധം കണക്കിലെടുത്ത് കുറച്ച് തുകമാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഓണചന്തകള്‍ തുടങ്ങാനുള്ള നടപടികള്‍ മാവേലി സ്റ്റോറുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ കരാറുകാര്‍ ടെണ്ടര്‍ ബഹിഷ്‌കരിക്കുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 70 കോടി രൂപ ഉപയോഗിച്ച് ന്യായവിലയ്ക്ക് സാധനങ്ങള്‍ എങ്ങനെ വിതരണം ചെയ്യുമെന്ന ആശയകുഴപ്പത്തിലാണ് സിവില്‍സപ്ലൈസ് വകുപ്പും.

കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴയപഴമൊഴി പിണറായി ഭരണത്തില്‍ അപ്രസക്തമായി. സര്‍വ്വസവും വിറ്റാലും ഓണം ഉണ്ണാന്‍ സാധികാത്തവിധം വിലക്കയറ്റമാണ്. വാഹന ഇന്ധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും അവശ്യസാധനങ്ങളുടെ വിലവാണം പോലെ ഉയരാനിടയാക്കി.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബോണസും ഇപ്പോഴും തുലാസിലാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ കിട്ടാഖനിയായിമാറിയെന്നും എംഎം ഹസ്സന്‍ പരിഹസിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *