മാസപ്പടി ഉള്‍പ്പെടെ 6 അഴിമതികള്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

വാദപ്രതിവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; ജനം തടഞ്ഞ് നിര്‍ത്തി ചോദിക്കുമെന്ന ഭയം കൊണ്ടാണ് മന്ത്രിമാര്‍ പ്രചരണത്തിന് എത്താത്തത്.

പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഗൗരവതരമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ മാസപ്പടി ആരോപണം ഉള്‍പ്പെടെ ആറ് പ്രധാന അഴിമതികളാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. ജനങ്ങളുമായി ഇതേക്കുറിച്ച് സംവദിക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകളും ഒന്നൊന്നായി പുറത്തുകൊണ്ട് വരും. വില്ലേജ് ഓഫീസര്‍ അറിയാതെ വില്ലേജ് അസിസ്റ്റന്റ് എങ്ങനെ കൈക്കൂലി വാങ്ങുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആ ചോദ്യം ശരിയാണ്. അതേ ചേദ്യം തന്നെയാണ് ഞങ്ങളും മുഖ്യമന്ത്രിയോട് ചോദിക്കുന്നത്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടന്നിട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ജയിലില്‍ നിന്നും പുറത്ത് വന്ന ശിവശങ്കര്‍ വീണ്ടും ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ പോയി. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനില്‍ ഗള്‍ഫില്‍ നിന്ന് വന്ന 20 കോടിയില്‍ ഒന്‍പതേകാല്‍ കോടി രൂപ കമ്മീഷന്‍ വാങ്ങിയത് അദ്ദേഹം അറിഞ്ഞില്ലേ? സമീപകാലത്ത് കേരളം കണ്ട കൊടിയ അഴിമതികളായ എ.ഐ കാമറ, കെ ഫോണ്‍ ഇടപാടുകളുടെ കേന്ദ്രബിന്ദുവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ കൊണ്ട് 1032 കേടി രൂപയുടെ

പര്‍ച്ചേസ് നടത്തിയതിലും വ്യാപകമായ ക്രമക്കേട് നടന്നു. ഏറ്റവും അവസാനമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കൊച്ചിയിലെ സര്‍ക്കാര്‍ സ്ഥാപനത്തിന് പങ്കാളിത്തമുള്ള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് ആ കമ്പനിക്ക് ഒരു സര്‍വീസും നല്‍കാതെ 1.72 കോടി രൂപ വാങ്ങിയെന്ന് ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധി വന്നു. ഇതിലൊന്നും മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം പറയാന്‍ തയാറായില്ല. ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയല്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരം പറയാന്‍ ഉത്തരവാദിത്തമുള്ള ആളാണ്. എന്നിട്ടും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഒന്നും പറയില്ല. പാര്‍ട്ടി

പറയുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ എം.വി ഗോവിന്ദന് എന്താണ് കാര്യം? മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട കമ്പനിയിലെ പാര്‍ട്ണറൊന്നുമല്ലല്ലോ എം.വി ഗോവിന്ദന്‍? മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രിക്കെതിരായ ആരോപണമാണ് വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ അവരെല്ലാം വന്ന് മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷെ മുഖ്യമന്ത്രി മിണ്ടില്ല. ആറ് മാസത്തിലധികമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. ആകാശവാണിയെ പോലെ മുഖ്യമന്ത്രിയോട് ഒന്നും ചോദിക്കാന്‍ പറ്റില്ല.

ഭരണരംഗത്തെ കെടുകാര്യസ്ഥതയില്‍ ഏഴ് വര്‍ഷം കൊണ്ട് ഗുരുതരമായ ധനപ്രതിസന്ധിയാണ ഈ സര്‍ക്കാര്‍ സംസ്ഥാനത്തിനുണ്ടാക്കി വച്ചിരിക്കുന്നത്. ആറ് ഡി.എകളിലായി പതിനെണ്ണായിരം കോടിയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. പെന്‍ഷനുകളെല്ലാം മുടങ്ങി. ട്രഷറിയില്‍ നിന്നും 5 ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകളൊന്നും നല്‍കുന്നില്ല. എന്നിട്ടാണ് വികസനം ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത്. വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചു. ശമ്പളം കൊടുക്കല്‍ മാത്രമാണ് സര്‍ക്കാരിന്റെ ജോലി. 3400 കോടിയുടെ ബാധ്യതയുണ്ടാക്കി സപ്ലൈകോയെ കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥയിലെത്തിച്ചു. വിപണി ഇടപെടലില്‍ പൂര്‍ണമായും പരാജയപ്പെട്ടു. രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴും വെള്ളക്കരവും വൈദ്യുതി ചാര്‍ജും കെട്ടിട നികുതിയും ഇന്ധന സെസും വര്‍ധിപ്പിച്ചു. വിലക്കയറ്റത്തിന് കാരണമായ സ്ഥിതിയുണ്ടായത് ഈ സര്‍ക്കാരാണെന്ന് പുതുപ്പള്ളിയിലെ ജനങ്ങളോടും കേരളത്തോടും ഞങ്ങള്‍ പറയും. സര്‍ക്കാരിന്റെ പരാജയവും അഴിമതിയുമാണ് ഞങ്ങള്‍ സംസാരിക്കാന്‍ പോകുന്നത്. പണം കൊടുത്താല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്ന അവസ്ഥയാണ്. പരീക്ഷ എഴുതാത്തവര്‍ പോലും പാസാകുന്നു. പി.എച്ചി.ഡി പോലും കോപ്പിയടിച്ചയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം പരിതാപകരമായ അവസ്ഥയിലാണ്. കേരളത്തെ ലഹരി മരുന്നിന്റെ കേന്ദ്രമാക്കി മാറ്റിയതാണോ വികസനം? അതാണോ ചര്‍ച്ച ചെയ്യേണ്ടത്. വേണമെങ്കില്‍ അതും ചര്‍ച്ച ചെയ്യാം. ഓരോ വകുപ്പിനെ കുറിച്ചും ചര്‍ച്ച ചെയ്തുള്ള കുറ്റപത്രമാണ് യു.ഡി.എഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കേസെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ സ്ഥിരം രീതി. കെ ഫോണിനും എ.ഐ കാമറയ്ക്കും എതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത്. മാസപ്പടി വിവാദത്തില്‍ ആരോപണം ഉന്നയിച്ചതിനാണ് മാത്യു കുഴല്‍നാടനെതിരെ കേസെടുക്കുന്നത്. പ്രതികളാകേണ്ടവര്‍ക്കെതിരെയല്ല, ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. കെ ഫോണിലും എ.ഐ കാമറയിലും മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. എന്നിട്ടും കേസില്ല. അവരുടെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടും കേസെടുത്തില്ല. കേസെടുത്ത് ആരെയാണ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്? കേസെടുത്താല്‍ ആരും ഒന്നും പറയില്ലെന്നാണോ കരുതുന്നത്? മോദി ശൈലിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മോദിയെ വിമര്‍ശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുകയും അയോഗ്യത കല്‍പ്പിക്കുകയും ചെയ്തും. മോദിക്ക് പഠിക്കുകയാണ് പിണറായി വിജയനും.

മാത്യു കുഴല്‍നാടനെതിരെ കേസെടുത്തത് അദ്ദേഹം ഒറ്റയ്ക്കാണെന്ന് കരുതിയാണോ? യു.ഡി.എഫ് ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പമുണ്ട്. കേന്ദ്ര ഏജന്‍സികളെ കുറ്റം പറയുന്നവര്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്ത് അത് ഇ.ഡിക്ക് നല്‍കി. പക്ഷെ ഭരണത്തില്‍ ഇരിക്കുന്ന അഴിമതിക്കാര്‍ക്കെതിരെ കേസില്ല. കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ നോക്കിക്കാണുന്നുണ്ട്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവരാണിവര്‍. സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നാല് അന്വേഷണങ്ങളാണ് നടത്തിയത്. നാല് റിപ്പോര്‍ട്ടുകളും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായപ്പോള്‍ പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. ജീവിച്ചിരുന്നപ്പോള്‍ അപമാനിച്ചവര്‍ മരിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നത്.

സര്‍ക്കാരിനെതിരായ ഗുരുതര അഴിമതി ആരോപണങ്ങളിലും സര്‍ക്കാരിന്റെ വീഴ്ചകളിലും വിലക്കയറ്റത്തിലും നികുതി വര്‍ധനവിലുമൊക്കെ ജനങ്ങളോട് മറുപടി പറയണം. ഇതില്‍ നിന്നെല്ലാം വഴിതിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരു വികസനവും നടത്താതെയാണോ 53 വര്‍ഷവും ഉമ്മന്‍ ചാണ്ടി വിജയിച്ചത്. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അദ്ദേഹം ബുക്ക്‌ലെറ്റുകള്‍ ഇറക്കി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ

ജനങ്ങള്‍ക്കറിയാം. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നത് എല്‍.ഡി.എഫോ അവരുടെ സ്ഥാനാര്‍ത്ഥിയോ അല്ല. ഞങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ട ഞങ്ങള്‍ തീരുമാനിക്കും. അല്ലാതെ അവരുടെ അജണ്ടയുമായി ഇങ്ങോട്ട് വരേണ്ട. അതാണ് ചാണ്ടി ഉമ്മനും പറഞ്ഞത്. സി.പി.എമ്മിന്റെ അറിവോടെയാണ് ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിച്ചത്. അത് തിരിച്ചടിക്കുമെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ വേണ്ടെന്നു വച്ചത്. അവര്‍ പറയാനുള്ളതൊക്കെ പറയട്ടെ. കേരളത്തിന്റെ ചരിത്രത്തില്‍ ആറ് മസത്തിലധികം കാലം മാധ്യമങ്ങളെ കാണാതിരുന്ന മുഖ്യമന്ത്രിയുണ്ടോ? കേരളത്തിലെ മുഖ്യമന്ത്രിക്ക് പേടിയാണ്. സംവാദത്തിന് തയാറുണ്ടോയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയാണ് എല്‍.ഡി.എഫ് വെല്ലുവിളിക്കുന്നത്. ഞങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിയെയാണ് വെല്ലുവിളിക്കുന്നത്. ഞങ്ങളുമായി വാദപ്രതിവാദത്തിന് മുഖ്യമന്ത്രി തയാറുണ്ടോ? അതുമല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ പത്ത് മിനിട്ടെങ്കിലും നല്‍കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇത്രയും ഭയമുള്ള മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. അദ്ദേഹം പേടിച്ചോടുകയാണ്.

മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയ വിവരം ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റ്യാറ്റിയൂട്ടറി ബോഡിയായ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലാണ് വ്യക്തമാക്കിയിരിക്കുന്നത്. അല്ലാതെ മാധ്യമ ഗൂഡാലോചനയോ മാധ്യമ സൃഷ്ടിയോ അല്ല. എന്താണ് പറയുന്നതെന്ന് പോലും എം.വി ഗോവിന്ദന് അറിയില്ല. മന്ത്രിമാരെയൊന്നും പുറത്തിറക്കാനാകാത്ത അവസ്ഥയാണ്. ജനങ്ങള്‍ വഴിയില്‍ നിര്‍ത്തി അവരോട് ചോദിക്കും. ആരോഗ്യമന്ത്രിയും സിവില്‍ സപ്ലൈസ് മന്ത്രിയും വന്നാല്‍ ചോദിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി വന്നാല്‍ പരീക്ഷ എഴുതാതെ സര്‍ട്ടിഫിക്കറ്റ് തരുമോയെന്നും വി.സിമാരെയും പ്രിന്‍സിപ്പല്‍മാരെയും നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിക്കും. അത് പേടിച്ചാണ് മന്ത്രിമാരൊന്നും പുതുപ്പള്ളിയില്‍ പ്രചരണത്തിന് എത്താത്തത്.

നിയസഭയില്‍ എന്ത് ചെയ്യണമെന്ന് സുരേന്ദ്രനല്ല തീരുമാനിക്കുന്നത്. കുഴല്‍പ്പണ കേസില്‍ രക്ഷപ്പെടാന്‍ പിണറായി വിജയന്റെ കാലില്‍ സാഷ്ടാംഗംപ്രണമിച്ച ആളാണ് കെ സുരേന്ദ്രന്‍. മാസപ്പടി വിവാദം പുറത്ത് വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്? സുധാകരനെതിരായ കേസില്‍ അന്വേഷണത്തിന് ഇ.ഡിയെ ഇറക്കിയവരല്ലേ? സുരേന്ദ്രന്റെ കസ്റ്റംസും എന്‍.ഐ.എയും ഇ.ഡിയും സി.ബി.ഐയുമൊക്കെ എവിടെ പോയി? രാത്രിയില്‍ പിണറായുടെ കാല് പിടിച്ച് കുഴപ്പണ കേസ് സെറ്റില്‍ ചെയ്ത സുരേന്ദ്രന്‍ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ ഒരു ബി.ജെ.പി നേതാവിന്റെയും പേരില്ലാത്തത് എന്തുകൊണ്ടാണ്? ശശിധരന്‍ കര്‍ത്തയുമായി ഒരു ബി.ജെ.പി നേതാവിനും ബന്ധമില്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ സുരന്ദ്രന് സാധിക്കുമോ?

കിടങ്ങൂരില്‍ കേരള കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ബി.ജെ.പി വോട്ട് ചെയ്തു. അപ്പോള്‍ തന്നെ എന്ത് നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം യു.ഡി.എഫുമായി ആലോചിച്ചു. രാജി വയ്ക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് അവരെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബി.ജെ.പിയുമായോ സി.പി.എമ്മുമായോ എസ്.ഡി.പി.ഐയുമായോ ഒരു ബന്ധവും യു.ഡി.എഫിനുണ്ടാകില്ല. കോട്ടയത്ത് തന്നെ സി.പി.എം എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ടയില്‍ യു.ഡി.എഫ് ഭരണത്തെ താഴെയിട്ടു. കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് ഭരണം അട്ടിമറിച്ചു. പാലക്കാട് പിരിയാരിയിലും റാന്നിയിലും കോഴഞ്ചേരിയിലും ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം വിജയിച്ചു.

നാമജപഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചു. അതീവ സുരക്ഷാ മേഖലയിലൂടെ നാമജപഘോഷയാത്ര നടത്തിയതിനാല്‍ കേസെടുത്തെ മതിയാകൂവെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ടാണ് കേസ് പിന്‍വലിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ശബരിമലയുമായും പൗരത്വ സമരവുമായും ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും ഒരു കേസ് പോലും പിന്‍വലിച്ചില്ല. ഈ കേസുകള്‍ കൂടി പിന്‍വലിക്കാന്‍ തയാറാകണം.

ചിട്ടയോടെ അമിത ആത്മവിശ്വാസമില്ലാതെ വന്‍ഭൂരിപക്ഷത്തിന് ജയിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് യു.ഡി.എഫ് താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രചരണവും സ്‌ക്വാഡും ഉള്‍പ്പെടെ ഒരു കാര്യത്തിലും യു.ഡി.എഫ് പിന്നില്‍ പോകില്ല. കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, കെ മുരളീധരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന എല്ലാ നേതാക്കളും പ്രചാരണത്തിനെത്തും. വി.എസ് പിണറായി വിവാദവും ബക്കറ്റിലെ വെള്ളവും ആരും മറന്നിട്ടില്ല. അപ്പോള്‍ വി.എസ് ഗ്രൂപ്പുകാര്‍ ആരും പ്രചരണത്തിന് വരില്ലേ? ആദ്യം കോട്ടയം ജില്ലാ കമ്മിറ്റിയിലെ തര്‍ക്കം തീര്‍ത്തിട്ട് സി.പി.എം കോണ്‍ഗ്രസിന്റെ കാര്യം നോക്കിയാല്‍ മതി.

Author

Leave a Reply

Your email address will not be published. Required fields are marked *