ജുഡീഷ്യല്‍ അന്വേഷണം വേണം : കെ.സുധാകരന്‍ എംപി

Spread the love

ദേവികുളം എംഎല്‍എ രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയ കേരള ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢലോചന നടക്കുന്നതിന്റെ ഭാഗമാണോ സുപ്രീംകോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുന്നതില്‍ മനഃപൂര്‍വ്വം വരുത്തുന്ന കാലതാമസമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ക്ക് എന്തുസംഭവിച്ചുയെന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഈ വിഷയം സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ എ രാജ നല്‍കിയ അപ്പീല്‍ ലാവ്‌ലിന്‍ കേസുപോലെ അനന്തമായി വലിച്ചു നീട്ടാനും കേസിലെ സുപ്രധാന രേഖകള്‍ സുപ്രീം കോടതിയില്‍ എത്താതെ നശിപ്പിച്ചു കളയാനും സാധ്യതയുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പ്രമാണങ്ങളും സുപ്രീംകോടതിക്ക് കൈമാറണമെന്ന് നാലു പ്രാവശ്യം ഉത്തരവിലൂടെ കോടതി രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ ഹാജരാക്കിയിട്ടില്ല.

ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ എത്തിച്ച രേഖകളുടെ കൂട്ടത്തില്‍ സുപ്രധാന രേഖകളായ മാമോദീസാ രജിസ്റ്ററുകള്‍, മരണ രജിസ്റ്റര്‍, കുടുംബ രജിസ്റ്റര്‍ എന്നീ പ്രമാണങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടാതെ സുപ്രീംകോടതിയില്‍ ഹാജരാക്കാത്ത പ്രമാണങ്ങളില്‍ ഗുരുതരമായ കൃത്രിമങ്ങള്‍ നടന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് വിസ്താര വേളയില്‍ ഹൈക്കോടതി കണ്ടെത്തിയതാണ്. ഈ പ്രമാണങ്ങള്‍ ലഭ്യമായെങ്കിലെ സുപ്രീംകോടതിയിലെ അപ്പീല്‍ തീര്‍പ്പാക്കാന്‍ സാധിക്കൂ. അതിനാലാണ് രേഖകളുടെ കൈമാറ്റം മനഃപൂര്‍വ്വം വൈകിപ്പിക്കുന്നുയെന്ന സംശയം ബലപ്പെടുന്നത്. ഈ രേഖകള്‍ നശിപ്പിക്കപ്പെട്ടാല്‍ കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *