വളരെ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും വ്യവസായമന്ത്രിക്കെതിരെയും ദേശാഭിമാനി മുൻ അസോ: എഡിറ്റർ ജി. ശക്തിധരൻ ഉന്നയിച്ചിട്ടുള്ളത്. ഇത്രയും വലിയ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ മന്ത്രിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വാസ്തവത്തിൽ ഇതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണമാണ്
വേണ്ടത്. കൈതോലപ്പായയിൽ പണം കടത്തി എന്നാണ് പറഞ്ഞത്, ഇപ്പോൾ പണം കടത്തിയവരുടെ പേരുകൾ കൂടി അദ്ദേഹം പറഞ്ഞിരിക്കുന്നു. ബഹുമാന്യനായ കേരളത്തിന്റെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് അതീവ ഗൗരവതരമായ കാര്യമല്ലേ, അപ്പോൾ അതു സംമ്പന്ധിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കേണ്ടത്.
കേരളത്തിൽ ഇന്നു നടക്കുന്നത് അഴിമതിയാണ്, കൊള്ളയാണ്. ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള ആശ്വാസനടപടികൾ ഈ സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല. അഴിമതി കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. കൊള്ള കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. ഓണക്കാലമാണ്. ഓണക്കാലത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുകയാണ്. ആരാണ് ചോദിക്കാനും പറയാനുമുള്ളത്. – സപ്ലൈകോയിൽ സാധനങ്ങൾ ഉണ്ടോ?
നെല്ലെടുത്തതിന്റെ പണം കൊടുത്തിട്ടുണ്ടോ? കർഷകർ വഴിയാധാരമാണ്.
സർക്കാർ ജീവനക്കാരുടെ ഗഡു കൊടുക്കാനുണ്ട്. അത് കൊടുക്കാൻ ഗവൺമെന്റ് തയ്യാറുണ്ടോ?
പെൻഷൻകാരുടെ സമാശ്വാസ പദ്ധതി കൊടുക്കാൻ സർക്കാർ തയ്യാറുണ്ടോ?
സംസ്ഥാനചരിത്രത്തിലെ ഏറ്റവും ദയനീയഭരണമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് , അതിനിടയിലാണ് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും എതിരെ ഗുരുതരമായ ആരോപണം ഉയരുന്നത് അതിനെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നു. ആദ്യം എഫ്. ഐ. ആറിട്ട് അന്വേഷണം നടക്കട്ടെ.
സപ്ലൈകോ തുറന്നിട്ടെന്തു കാര്യം? സാധനങ്ങൾ ഒന്നും തന്നെയില്ല. സപ്ലൈകോ ഔട്ട്ലെറ്റ് സന്ദർശിക്കാൻ മന്ത്രിയെത്തിയപ്പോൾ സ്ഥാപനം
അടഞ്ഞുകിടക്കുന്നുവെന്ന മന്ത്രിയുടെ വാക്കുകൾ ശ്രദ്ധയിൽപ്പെട്ടു. തുറന്നാൽ നാട്ടുകാരുടെ കയ്യിൽ
നിന്നും അടി കിട്ടുമെന്ന ഭയം കൊണ്ടാണ് ജീവനക്കാർ തുറക്കാത്തത്. മന്ത്രി വിസിറ്റല്ല നടത്തേണ്ടത് ഔട്ട്ലെറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. 13 സബ്സിഡി ഐറ്റം സാധനങ്ങൾ അര മണിക്കൂർ കൊണ്ട് തീരുന്നു എന്ന് മന്ത്രി പറഞ്ഞിട്ടെന്തു കാര്യം. ഒരു സാധനവും ഒരാൾക്കും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
താനൂർ കസ്റ്റഡി മരണം, ജിഫ്രിയുടേത് , നിഷ്ഠുരമായ കൊലപാതകമാണ്, കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ മർദ്ദിച്ചു കൊലപ്പെടുത്തുന്ന രീതി അംഗീകരിക്കാൻ കഴിയില്ല. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ നേരത്തെ നൽകിയിരുന്നു.
അത് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു.
സംഭവത്തിൽ ഏത് ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനായാലും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാനാവില്ല.