കേള്‍വിയുടെ പുതുലോകത്തെത്തി നന്ദന; സര്‍ക്കാരിന് നന്ദി പറഞ്ഞ് കുടുംബം

Spread the love

നിശബ്ദതയുടെ ലോകത്ത് നിന്നും കേള്‍വിയുടെ അദ്ഭുത ലോകത്തെത്തി ഗുരുവായൂര്‍ സ്വദേശി നന്ദന. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയും ചേര്‍ന്ന് നന്ദനയ്ക്ക് ശ്രവണ സഹായി കൈമാറി. തന്നെ സഹായിച്ച സര്‍ക്കാരിന് നന്ദി പറയുകയാണ് നന്ദനയും കുടുംബവും.കഴിഞ്ഞ മെയ് മാസത്തില്‍ ഗുരുവായൂരില്‍ നടന്ന കരുതലും കൈത്താങ്ങും അാലത്താണ് കേള്‍വി പരിമിതി നേരിട്ടിരുന്ന നന്ദനയ്ക്ക് പുതുലോകത്തേക്ക് വഴിതുറന്നത്. അദാലത്തില്‍ നന്ദനയുടെ ജീവിത സാഹചര്യം മന്ത്രി കെ രാജന്റെയും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെയും മുന്നില്‍ എന്‍ കെ അക്ബര്‍ എംഎല്‍എ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് നന്ദനയ്ക്ക് ശ്രവണ സഹായി എത്തിച്ചുനല്‍കുമെന്ന് മന്ത്രി കെ രാജന്‍ ഉറപ്പു നല്‍കി. സര്‍ക്കാരും ജില്ലാ ഭരണകൂടവും മണപ്പുറം ഫൗണ്ടേഷനും കൈകോര്‍ത്തപ്പോള്‍ നന്ദനയ്ക്ക് ലഭിച്ചത് കേള്‍വിയുടെ, പുതുജീവിതമാണ്. ശ്രവണ സഹായിക്കുള്ള തുക മണപ്പുറം ഫൗണ്ടേഷന്‍ നേരത്തേ കൈമാറിയിരുന്നു.അനിയന്‍ നിവേദിന്റെ കുസൃതികള്‍ക്കൊപ്പം ചേര്‍ന്ന് കളിച്ച് രസിക്കുന്ന നന്ദനയെ കാണുമ്പോള്‍ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ലെന്ന് അച്ഛന്‍ ബിനു പറഞ്ഞു. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ നന്ദനയ്ക്ക് ജന്മനാ കേള്‍വി പരിമിതിയുണ്ടായിരുന്നു. ചായക്കട നടത്തിയാണ് അച്ഛന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. മകള്‍ക്ക് ശ്രവണസഹായി വാങ്ങുക എന്നത് ബിനുവിന്റെ വലിയൊരു സ്വപ്നം കൂടിയായിരുന്നു. എന്നാല്‍ ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ അതിന് അവസരം കിട്ടാതെ വിഷമിച്ച ഘട്ടത്തിലാണ് സര്‍ക്കാര്‍ ഈ കുടുംബത്തിന് കരുതലേകിയത്. 1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായിയാണ് നന്ദനക്ക് കൈമാറിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *