ശാസ്ത്രാവബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി

Spread the love

എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറികളും ലാബുകളുമുള്ള കേരളത്തിലെ സ്‌കൂളുകൾ രാജ്യത്തിന് മാതൃകയാണ്.
2023 – 24 അധ്യയന വർഷത്തിൽ എൻ സി ഇ ആർ ടി ചില പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങൾ നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം എസ് ഇ ആർ ടി വിദഗ്ദ്ധ സമിതി ഇത് പരിശോധിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി പ്ലസ് വൺ ക്ലാസിനുള്ള ഹിസ്റ്ററി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യോളജി വിഷയങ്ങളിൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ അച്ചടിച്ചു. ഗാന്ധി വധം, മുഗൾ ചരിത്രം, പഞ്ചവൽസര പദ്ധതികൾ എന്നിവ ഇതിലുൾപ്പെടുന്നു. സങ്കുചിത മതരാഷ്ട്രബോധത്തിനപ്പുറം മത നിരപേക്ഷമായി ചിന്തിക്കാൻ കഴിയുന്ന സമൂഹമാണ് രൂപപ്പെടേണ്ടത്. വിദ്യാലയങ്ങളെ സാമൂഹിക പുരോഗതിക്കായി ഉപയോഗിക്കണമെങ്കിൽ ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വ്യക്തമായി മനസ്സിലാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രകാശനത്തിനുശേഷം മുഖ്യമന്ത്രി പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനാനുസൃതമായി വിശാല ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായാണ് അഡീഷണൽ പാഠ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *