ചെക്ക് പോസ്റ്റുകളില്‍ ശക്തമായ പരിശോധന ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 1196 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. 113 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 103 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. 159 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 319 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. ചെക്ക് പോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാല്‍, മീന്‍, മാംസം, പലചരക്കു സാധനങ്ങള്‍ എന്നിവ ചെക്ക് പോസ്റ്റില്‍ തന്നെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി.
മായം ചേര്‍ക്കാത്ത ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുക, ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുക തുടങ്ങിയ നടപടികളും വകുപ്പ് സ്വീകരിച്ചു വരികയാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുന്നതാണ്.
പത്തനംതിട്ട ജില്ലയിലെ ശര്‍ക്കര മൊത്തവ്യാപാര കേന്ദ്രങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.