വന്‍ പൊലീസ് സുരക്ഷയില്‍ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസിന് സമീപം പെണ്‍കുട്ടി അപമാനിക്കപ്പെട്ടത് ലജ്ജാകരം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പരാജയം സമ്മതിച്ച് സര്‍ക്കാര്‍ പിന്‍മാറണം.

ആലുവ : ഹൃദയം നുറുങ്ങിപ്പോകുന്ന സംഭവം ആലുവയില്‍ ഉണ്ടായിട്ട് മാസങ്ങള്‍ മാത്രമെ ആയിട്ടുള്ളൂ. വീണ്ടും നാടിനെ നടുക്കിക്കൊണ്ട് പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടി വീണ്ടും അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെടുകയാണ്. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതല്‍

അക്രമത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇതിനെ ഭരണകൂടമോ പൊലീസോ നോക്കിക്കാണുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. കരച്ചില്‍ കേട്ട് അയല്‍വാസികളെ സംഘടിപ്പിച്ച് തെരച്ചില്‍ നടത്തി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച സുകുമാരന്‍ ചേട്ടനെ അഭിനന്ദിക്കുന്നു. തെരച്ചില്‍ നടത്തിയതു കൊണ്ടാണ് കുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാനായത്.

ആലുവയിലെ ആദ്യ സംഭവത്തിന് ശേഷം എന്തെങ്കിലും കരുതല്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടോ? പട്രോളിങിനെ കുറിച്ച് ചോദിക്കുമ്പോള്‍ ആവശ്യമായ ഫോഴ്‌സ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസ് വന്‍പൊലീസ് സുരക്ഷയിലായിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന ആലുവ പാലസില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ദാരുണ സംഭവം ഉണ്ടായെന്നത് എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുകയും പൊലീസ് നിര്‍വീര്യമാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പെരുമ്പാവൂരിലെ സംഭവത്തിന്റെ പേരില്‍ എത്രമാത്രം ബഹളമുണ്ടാക്കിയവരാണ് സി.പി.എമ്മും എല്‍.ഡി.എഫും. ഇപ്പോള്‍ നിരന്തരമായി ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഇവരുടെയെല്ലാം നാവ് എവിടെ പണയപ്പെടുത്തിയിരിക്കുകയാണ്? ആലുവയില്‍ ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിപക്ഷത്തിന് ഗൗരവതരമായ നിലപാടെടുക്കേണ്ടി വരും. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പരാജയം സമ്മതിച്ച് പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പൊലീസ് അനാസ്ഥയ്ക്കും ഇരട്ടനീതിക്കും എതിരായ യു.ഡി.എഫ് സമരം തുടരും.

മുദ്രാവാക്യം വിളിച്ചതിന് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിക്കുകയും തൊപ്പി കൊണ്ട് അദ്ദേഹത്തിന്റെ മുഖം മറയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ പൊലീസ് അപമാനമാണ്. എന്നുമുതലാണ് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പൊലീസ് 94 വയസുകാരന്റെ വായ പൊത്തിപ്പിടിക്കാന്‍ തുടങ്ങിയത്? കള്ളക്കേസെടുത്താണ് ഗ്രോ വാസുവിനെ അകത്താക്കിയത്. ലക്ഷക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ നിയമസഭ അടിച്ചു തകര്‍ത്തവര്‍ ഇന്ന് കേരളത്തില്‍ മന്ത്രിമാരാണ്. അവര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് 94 കാരനെതിരെ പൊലീസിന്റെ പരാക്രമം. ഗ്രോ വാസുവിനോടും പുതുപ്പള്ളിയിലെ സതിയമ്മയോടുമൊക്കെയാണ് പൊലീസ് വിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പൊലീസ് പരിഹാസ്യരായിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് ഭരണത്തില്‍ ഒരു കാര്യവും ഇല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മുന്നോക്ക വികസന കോര്‍പറേഷനില്‍ കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയെ മാറ്റി സി.പി.എമ്മുകാരനെ നിയമിച്ചു. സര്‍ക്കാരും പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്നാണ് പിറ്റേ ദിവസം പറഞ്ഞത്. പൊതുഭരണ വകുപ്പിന് കീഴിലുള്ള കോര്‍പറേഷനിലെ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും മാറ്റിയത് അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഭരണം നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്വന്തം വകുപ്പില്‍ മുഖ്യമന്ത്രി അറിയാതെ കോര്‍പറേഷന്‍ ചെയര്‍മാനെ മറ്റി മറ്റൊരാളെ വയ്ക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഭരണത്തിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്നത് തമാശയാണ്. ആരാണ് കേരളം ഭരിക്കുന്നത്? ആര്‍ക്കാണ് മുഖ്യമന്ത്രി ഭരണം വിട്ടുകൊടുത്തിരിക്കുന്നത്? പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും സതിയമ്മയ്‌ക്കെതിരെയും ഗ്രോ വാസുവിനെതിരെയും പൊലീസിനെ വിടുന്നവര്‍ മാര്‍ക്‌സിസ്റ്റുകാരെ മുഴുവന്‍ സംരക്ഷിക്കുകയാണ്. സ്‌കോര്‍ട്ട്‌ലന്‍ഡ് യാര്‍ഡിന്റെ വീര്യമുണ്ടായിരുന്ന കേരള പൊലീസിനെ തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല.

സംസ്ഥാനത്ത് രൂക്ഷമായ ധനപ്രതിസന്ധിയാണ്. അഞ്ഞൂറോളം അധ്യാപകരാണ് ഹെഡ്മാസ്റ്റര്‍മാരായി പ്രമോഷന്‍ വേണ്ടെന്ന് പറഞ്ഞത്. ഹെഡ്മാസ്റ്റര്‍ ആയാല്‍ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കുട്ടികള്‍ക്ക് പാലും മുട്ടയും ഉച്ചഭക്ഷണവും കൊടുക്കാനുള്ള പണം ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പോക്കറ്റില്‍ നിന്നും ചെലവാക്കേണ്ടി വരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൊലും പണമില്ലെന്നത് സര്‍ക്കാര്‍ മറിച്ചു വയ്ക്കുകയാണ്. എന്നിട്ടാണ് ഗംഭീരമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടിലെ ഓണം ഗംഭീരമായിരുന്നു. പക്ഷെ കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും ഓണം ഗംഭീരമല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയണം. ധനപ്രതിസന്ധി സാധാരണക്കാരുടെ ജീവിതത്തെ വരെ ബാധിച്ചിട്ടുണ്ട്.


പുതുപ്പള്ളിയില്‍ യു.ഡി.എഫിന് അനുകൂലമായ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്വപ്‌നതുല്യമായ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എം.വി ഗോവിന്ദന് മനസിലായി. ബി.ജെ.പിയുടെയാണോ സി.പി.എമ്മിന്റെയാണോ

വോട്ടുകള്‍ കുറയുന്നതെന്ന് കണക്ക് വരുമ്പോള്‍ നോക്കാം. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞാല്‍ അത് യു.ഡി.എഫിന് ചെയ്തതാണെന്ന് ഗോവിന്ദന്‍ പറയും. സി.പി.എമ്മിന്റെ വോട്ട് കുറഞ്ഞാല്‍ എന്ത് പറയും? പിണറായി വിജയന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണത്തിന് താക്കീത് നല്‍കണമെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായി ബംഗാളിലേതു പോലെ കുഴിച്ച് മൂടുമെന്നും ചൂണ്ടിക്കാട്ടി ഉത്തമരായ കമ്മ്യൂണിസ്റ്റുകള്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ജെയ്ക്കിന്റെ വോട്ട് കുറഞ്ഞാല്‍ ഉത്തമരായ കമ്മ്യൂണിസ്റ്റുകള്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്‌തെന്ന് സമ്മതിക്കാന്‍ ഗോവിന്ദന്‍ തയാറാകുമോ? അത് കഴിഞ്ഞ് ബി.ജെ.പിയുടെ കാര്യം നോക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *