തിരുവനന്തപുരം: കോഴിക്കോട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ഈ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ ഹെല്പ് ലൈന്‍ നമ്പര്‍ (0495 2961385 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ) കൂടാതെ സംസ്ഥാന തലത്തിലുള്ള ടെലി മനസ് ‘14416’ ടോള്‍ ഫ്രീ നമ്പര്‍ 24 മണിക്കൂറും ഇതിന് പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നീരിക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ അങ്ങോട്ട് ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടാന്‍ വേണ്ടി ഹെല്പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യുന്നു. ഇതുവരെ 308 പേരെ വിളിക്കുകയും 214 പേര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും, ടെലി മനസ് ഹെല്പ് ലൈന്‍ നമ്പര്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.