കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് 1.26 കോടി രൂപയുടെ പുതിയ കെട്ടിടം. വൈക്കം മാരാംവീട് സ്ഥിതിചെയ്യുന്ന പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട് ചേർന്നുള്ള പഞ്ചായത്തു വക ഭൂമിയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 1.26 കോടി രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിർമാണം.ജനങ്ങളുടെ ആരോഗ്യ ക്ഷേമത്തിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഒരുങ്ങുന്നത്. കാർ പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെ 4151 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ശുചിമുറി സൗകര്യങ്ങളോടു കൂടിയ രണ്ട് ഒ.പി മുറികൾ, ഡ്രസ്സിങ് റൂം, ചെയ്ഞ്ചിങ് റൂം, നഴ്സസ് സ്റ്റേഷൻ, ഒബ്സർവേഷൻ റൂം, ഓട്ടോ ക്ലേവ് റൂം, പൊതുശുചിമുറികൾ, ഭിന്നശേഷിക്കാർക്കുള്ള ശുചിമുറി, രക്തശേഖരണ മുറി, ലാബ്, വിഷൻ സെന്റർ, ഫാർമസി, ഇ-ഹെൽത്ത് എന്നീ സൗകര്യങ്ങളാണ് പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരുക്കുക.കൂടാതെ ലാബ്, ഫാർമസി, ഒ.പി എന്നിവിടങ്ങളിൽ എത്തുന്നവർക്കായി പ്രത്യേക കാത്തിരുപ്പ് സ്ഥലവും ഒരുക്കും. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.