സംസ്ഥാനത്ത് സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ നല്‍കും : മുഖ്യമന്ത്രി

Spread the love

സമഗ്രമായ കാന്‍സര്‍ നിയന്ത്രണം ലക്ഷ്യം.
എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. നമ്മള്‍ തുടര്‍ന്നുവരുന്ന ആരോഗ്യപരമല്ലാത്ത ജീവിതരീതികളിലും ശീലങ്ങളിലും മാറ്റം വരുത്തണം. ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരണം. സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ മാത്രമേ ഫലപദമായി പ്രതിരോധിക്കാന്‍ കഴിയൂ. ജീവിത ശൈലി രോഗങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. കാന്‍സറും ജീവിത ശൈലി രോഗമാണ്.

ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചു. ആര്‍.സി.സിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും ഒട്ടേറെ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കുട്ടികളിലെ കണ്ണിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നൂതന സംവിധാനം ഒരുക്കി. ആര്‍.സി.സിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ചികിത്സ ഏര്‍പ്പെടുത്തി. ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്ററിലും ആര്‍.സി.സിയിലും റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി എന്നിവയെല്ലാം ഉടന്‍ തുടങ്ങും.

Author

Leave a Reply

Your email address will not be published. Required fields are marked *