പൊതുമേഖലയിലെ മികവ്: സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

Spread the love

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ മികച്ച പൊതു മേഖലാ സ്ഥാപനം, മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ പുരസ്കാരങ്ങൾക്കൊപ്പം വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളും പ്രഖ്യാപിച്ചു.

നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ. മാനുഫാക്ചറിംഗ് മേഖലയിൽ 100 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് മുകളിലും 100 കോടി രൂപക്ക് താഴെയും വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനം, മാനുഫാക്ചറിംഗ് ഇതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രേഖപ്പെടുത്തിയ വാർഷിക വളർച്ചാനിരക്ക് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് അവാർഡ് നിർണ്ണയിച്ചത്.

മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ/മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്കാരത്തിനായി സ്ഥാപനത്തിന്റെ പ്രകടനവും നേതൃപാടവവും കൈവരിച്ച പ്രത്യേക നേട്ടങ്ങളും പരിഗണിച്ചതായി അവാർഡ് നിർണ്ണയ സമിതി അറിയിച്ചു. ഇത്തവണ രണ്ട് പേർ ഈ അവാർഡ് പങ്കിട്ടു. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചക്ക് സഹായകരമായ മാധ്യമറിപ്പോർട്ടുകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കാണ് നൽകുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്കാരം. അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കുള്ള ആദ്യ മൂന്ന് അവാർഡുകൾക്ക് യഥാക്രമം 50000, 25000, 10000 രൂപ വീതവും പ്രശസ്തിഫലകവും ലഭിക്കും.
കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബി.പി.സി.എൽ – കൊച്ചി റിഫൈനറി മുൻ എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇ. നന്ദകുമാർ എന്നിവരടങ്ങിയ സമിതിയാണ് പൊതുമേഖലാ അവാർഡുകൾ നിർണ്ണയിച്ചത്. വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എ.എം. ജിഗീഷ് എന്നിവരടങ്ങിയ സമിതിയാണ് മാധ്യമ അവാർഡുകൾ നിശ്ചയിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മികവുറ്റതാക്കുന്നതിന് സർക്കാർ സ്വകരിച്ച വിവിധ നടപടികളുടെ ഭാഗമായാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *