ജനാധിപത്യ മതേതരവിശ്വാസികള്‍ക്ക് പ്രചോദനവും മാതൃകയുമാണ് മഹാത്മാ ഗാന്ധിജിയുടെ ജീവിതമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി.കെപിസിസി ആസ്ഥാനത്ത് നടന്ന ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സത്യമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. സത്യഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗം. അക്രമവും അന്യായവും ചൂഷണവും അരങ്ങുതകര്‍ത്ത ബ്രട്ടീഷ് സാമ്രാജ്യത്തെ അഹിംസയുടെയും നീതിയുടെയും സമാധാനത്തിന്റെയും മാര്‍ഗത്തിലൂടെ മുട്ടുകുത്തിച്ചു.അക്രമരാഹിത്യത്തിന് വേണ്ടിയുള്ള മഹാത്മാഗാന്ധിയുടെ ശക്തമായ നിലപാടുകള്‍ക്ക് ഈ കലഘട്ടത്തില്‍ ഏറെ പ്രാധാന്യമുണ്ട്. സമാധാനത്തെ കുറിച്ച് ലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്നിടത്തെല്ലാം ഗാന്ധിയുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന പിടി തോമസിന്റെ സ്മരണാര്‍ത്ഥം കെപിസിസി ആസ്ഥാനത്ത് ഒരുക്കിയ പിടി തോമസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയും ഗ്രന്ഥശാലയിലെ പിടി തോമസിന്റെ ഛായാചിത്രത്തിന്റെ അനാച്ഛാദനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും നിര്‍വ്വഹിച്ചു. പിടി തോമസിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ് സന്നിഹിതയായിരുന്നു.ഗവേഷണ ആവശ്യങ്ങള്‍ക്കും വിവരശേഖരണത്തിനും സഹായകരമായ തരത്തിലാണ് ഗ്രന്ഥശാല ക്രമീകരിച്ചിരിക്കുന്നത്.
ലീഡര്‍ കെ.കരുണാകരന്റെ സ്മരാണാര്‍ത്ഥം പണികഴിപ്പിക്കുന്ന കെ.കരുണാകരന്‍ സെന്ററിന്റെ മന്ദിര നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ട് പിരിവിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കൂപ്പണ്‍ നല്‍കി എകെ ആന്റണി നിര്‍വഹിച്ചു. ഡിജിറ്റില്‍ പ്ലാറ്റ് ഫോമിന്റെ ഉദ്ഘാടനം ശശി തരൂര്‍ നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 2 മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 വരെ സംഭാവന സ്വീകരിക്കും.കൂപ്പണുകളിലൂടെയും ഡിജിറ്റല്‍ സംവിധാനത്തിലൂടെയും ആയിരിക്കും സംഭാവന സ്വീകരിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്നും കെ.കരുണാകരന്‍ സെന്റര്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു പൊതുജനങ്ങള്‍ക്ക് മന്ദിര നിര്‍മ്മാണത്തിലേക്ക് പണം സംഭാവന ചെയ്യാനുള്ള സൗകര്യം കെപിസിസി ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം നന്ദാവനത്ത് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് ഭൂമിയില്‍ നാല്‍പ്പത് കോടി രൂപ ചെലവഴിച്ച് 11 നിലകളിലയാണ് കെട്ടിട സമുച്ചയം പണികഴിപ്പിക്കുന്നത്. കെ.കരുണാകരന്‍ ഗവേഷണ കേന്ദ്രം,ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്,ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റഫറന്‍സ് ലൈബ്രറി, കാരുണ്യ ഹെല്‍പ്പ് ഡെസ്‌ക്,കോണ്‍ഫെറന്‍സ് ഹാള്‍,ഓഡിറ്റോറിയും തുടങ്ങിയ സൗകര്യം കെട്ടിടത്തില്‍ ഉണ്ടായിരിക്കും.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി വൈസ്പ്രസിഡന്റുമാരായ എന്‍ ശക്തന്‍,വിടി ബലറാം, ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണ്‍, ജിഎസ് ബാബു, ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍, കെ.ജയന്ത്, പഴകുളം മധു, കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ പത്മജാ വേണുഗോപാല്‍, വിഎസ് ശിവകുമാര്‍, വര്‍ക്കല കഹാര്‍,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,പിതാംബരകുറുപ്പ്,നെയ്യാറ്റിന്‍കര സനല്‍,കെ.മോഹന്‍ കുമാര്‍,കെപി കുഞ്ഞിക്കണ്ണന്‍,ജെയ്‌സണ്‍ ജോസഫ്,ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.