സൈബര്‍ സേനയെ അഴിച്ചുവിട്ടത് പിണറായി വിജയനെന്ന് കെ സുധാകരന്‍.
സൈബറിടത്ത് കൊല്ലും കൊലവിളിയും വ്യക്തിഹത്യയും നടത്തുന്ന സിപിഎം സൈബര്‍ സേനയുടെ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന്‍, സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് സിപിഎമ്മിനെതിരേ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നുവെന്ന് ആരോപിക്കുന്നത് തികച്ചും ബാലിശമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും മൃഗീയമായ സൈബര്‍ ആക്രമണത്തിലൂടെ അരിഞ്ഞുവീഴ്ത്താന്‍ കടന്നലുകള്‍ എന്നു വിളിക്കുന്ന സൈബര്‍ ക്രിമിനലുകളെ പോറ്റിവളര്‍ത്തുന്ന ആളാണ് ഇപ്പോള്‍ വിലപിക്കുന്നത്.
ജനങ്ങളുടെ പണം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോഷ്യല്‍ മീഡിയയില്‍ക്കൂടി മാത്രം കള്ളപ്രചാരണം നടത്താന്‍ 12 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രതിമാസം ലക്ഷക്കണക്കിനു രൂപ ശമ്പളം നല്കുന്നത് ആരുടെയും വീട്ടില്‍ നിന്നെടുത്തല്ല. ടീം ലീഡര്‍, കണ്ടന്റ് മാനേജര്‍, സീനിയര്‍ വെബ് അഡ്മിനിസ്ട്രറ്റര്‍, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ തുടങ്ങിയവരെല്ലാം കനത്ത ശമ്പളം പറ്റുന്നവരാണ്. സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ ഈ ഫാക്ടറിയാണ് നിര്‍മിക്കുന്നത്.
ഐഎഎസുകാരുടെ അത്രയും ശമ്പളം പറ്റുന്ന രണ്ട് പ്രസ് സെക്രട്ടറിമാര്‍, അവരുടെ സഹായികള്‍ തുടങ്ങി മറ്റൊരു സംഘവും മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇവരെല്ലാവരും തന്നെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഡിറ്റില്‍നിന്നും പിആര്‍ഡിയില്‍നിന്നും വിരലിലെണ്ണാവുന്നവരെ ഡെപ്യൂട്ടേഷനില്‍ എടുത്ത് നിര്‍വഹിച്ചിരുന്ന ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവരുടെയും പ്രധാന പരിപാടി വ്യാജപ്രചാരണവും വ്യാജനിര്‍മിതികളുമാണ്. എകെജി സെന്ററിലും മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെയാണ് കോടികള്‍ ചെലവഴിച്ച് സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം ഈ ഏജന്‍സിയാണ് ഉയര്‍ത്തിയത്. അത് എഴുതിക്കൊടുത്ത ഏജന്‍സികള്‍ വരെ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകും. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി മുഖ്യമന്ത്രി പല തവണ നടത്തിയ ചര്‍ച്ച എന്തിനുവേണ്ടിയായിരുന്നു?
യുഡിഎഫിനുവേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സുനില്‍ കനുഗൊലു കോണ്‍ഗ്രസ് നേതാവാണെന്ന കാര്യം പിണറായി സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. രാജ്യമെമ്പാടും മോദിയെ താഴെയിറക്കാന്‍ അഹോരാത്രം അധ്വാനിക്കുന്ന ജനാധിപത്യ മതേതര വിശ്വാസിയാണ് അദ്ദേഹം. കര്‍ണാടകത്തില്‍ അതിന്റെ റിസള്‍ട്ടും ഉണ്ടായി. വരാന്‍ പോകുന്ന നിയമസഭാതെരഞ്ഞടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തറപറ്റിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പിണറായി വിജയനെ അസ്വസ്ഥനാക്കുന്നതെന്തിനാണെന്ന് സുധാകരന്‍ ചോദിച്ചു.