സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങൾ ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിർവ്വഹിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യത്തോടെയാണു സമാപിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സംബന്ധിച്ചു പുതിയൊരു ഭരണ നിർവ്വഹണ രീതിയാണു മേഖലാതല അവലോകന യോഗങ്ങളിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിലെ പ്രധാന വിഷയങ്ങൾ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാണു കണ്ടെത്തിയത്. ഇവയിൽ സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്നങ്ങളും ജില്ലാതലത്തിൽ പരിഗണിക്കേണ്ട 265 വിഷയങ്ങളും കണ്ടെത്തിയിരുന്നു. അവയിൽ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്നങ്ങളാണ് നാല് അവലോകന യോഗങ്ങളിലായി ചർച്ച ചെയ്തത്. ജില്ലാതലത്തിൽ കണ്ടെത്തിയ വിഷയങ്ങളിൽ 263 എണ്ണം ഇതിനകം തീർപ്പാക്കി. രണ്ടു പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടവയിൽ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിലേയ്ക്ക് കാര്യക്ഷമമായി എത്തിക്കാനും സമയബന്ധിതമായി അവ പൂർത്തിയാക്കാനും പ്രാദേശിക പ്രശ്നങ്ങൾ കൂടുതൽ സമഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും മേഖലാ അവലോകന യോഗങ്ങൾ സഹായകമായി. ഈ സർക്കാർ വന്നതിനു ശേഷം നവകേരള കർമ്മപദ്ധതിയുടെ കീഴിൽ വരുന്ന വിവിധ മിഷനുകളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പിൽ ഉണ്ടാകുന്ന തടസങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സക്രിയമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉറപ്പുവരുത്തി. പദ്ധതികൾ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നേരിട്ടറിഞ്ഞു പരിഹാരങ്ങൾ കണ്ടെത്താനും കഴിഞ്ഞു. ഈ വിധം സംസ്ഥാനത്തിൻറെ വികസനത്തിനും പുരോഗതിയ്ക്കും മേഖലാ അവലോകന യോഗങ്ങൾ പുതിയ ഊർജ്ജം പകർന്നു. നിലവിൽ പുരോഗമിക്കുന്ന പ്രശ്ന പരിഹാരനടപടികൾ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി സമയബന്ധിതമായി പൂർത്തീകരിക്കും.
വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട തുരങ്കപാത താമരശ്ശേരി ചുരത്തിന് ബദൽ റോഡ് ആകുകയും യാത്ര സമയം ചുരുക്കുകയും ചെയ്യും. നിലവിൽ രണ്ടു ജില്ലകളിലും ഭൂമി ഏറ്റെടുക്കലിൻറെ 19(1) നോട്ടിഫിക്കേഷൻ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും അനുമതി ഈ വർഷം അവസാനത്തോട് കൂടി ലഭ്യമാക്കാൻ കഴിയും. ടണലിൻറെ ടെൻഡർ നടപടികൾ ആരംഭിക്കുവാനും അടുത്ത മാർച്ചോടെ നിർമാണോദ്ഘാടനം നടത്തുവാനും നാലു വർഷത്തിനുളളിൽ പൂർത്തീകരിക്കാനും കഴിയുന്ന വിധം പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
കണ്ണൂർ ഇരിട്ടി താലൂക്കിൽ, കല്ല്യാട് 311 ഏക്കറിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ട്, ഏകദേശം 300 കോടി രൂപയ്ക്കു മുകളിൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്‌ക്രിപ്ട് സെൻററിൻറേയും പൂർത്തീകരണം ജനുവരി 2024 നുള്ളിൽ കഴിയുമെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ധാരണയായി. ഈ വിഷയങ്ങൾക്ക് പുറമെ അതാത് ജില്ലകളിൽ കണ്ടെതിയ സവിശേഷമായ പ്രശ്നങ്ങളുടെ പരിഹാരവും മേഖലായോഗങ്ങളിൽ പ്രത്യേക അജണ്ടയായി പരിശോധിച്ചു.
ഭരണ സംവിധാനത്തെയാകെ കൂടുതൽ ചലനാത്മകമാക്കാനും ഒരോ വിഷയങ്ങളിലും പ്രത്യേക ശ്രദ്ധ ഉറപ്പാക്കാനും കഴിഞ്ഞു എന്നതാണ് മേഖലാ യോഗങ്ങൾ അവസാനിച്ചപ്പോൾ ഉണ്ടായ നേട്ടം. പ്രഖ്യാപിത ലക്ഷ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടപ്പാകും എന്ന് സർക്കാരിന് പ്രതീക്ഷയുണ്ട്. ഇപ്പോൾ നടന്ന ഈ അവലോകന പ്രക്രിയ കൂടുതൽ ക്രിയാത്മകമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.