സ്വപ്നം തീരം തൊട്ടു; വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ എത്തി

Spread the love

* കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്ക് ഇല്ല: മുഖ്യമന്ത്രി
* ആറുമാസം കൊണ്ട് പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യാൻ കഴിയുംവിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യമായെത്തിയ ചരക്കുകപ്പൽ ഷെൻ ഹുവ-15നെ കേരളം സ്വീകരിച്ചു. തുറമുഖ ബെർത്തിലേക്കു മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിനെ സ്വാഗതം ചെയ്തു. വാട്ടർ സല്യൂട്ട് നൽകി ബെർത്തിലേക്ക് ആനയിച്ച കപ്പിലിനെ മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബലൂണുകൾ പറത്തി സ്വീകരിച്ചു.

വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകുന്ന വികസന സാധ്യതകളെക്കുറിച്ച് അൽപ്പം ധാരണമാത്രമേ നമുക്കുള്ളൂവെന്നതാണു യാഥാർഥ്യമെന്നും ഭാവനകൾക്കപ്പുറമുള്ള വികസനമാണു വരാൻ പോകുന്നതെന്നു കപ്പലിനെ സ്വീകരിച്ചു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്കില്ല എന്നതാണു തെളിയുന്നതെന്നു പറഞ്ഞാണ് കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന സമ്മേളനത്തിന്റെ

ഉദ്ഘാടന പ്രസംഗം മുഖ്യമന്ത്രി ആരംഭിച്ചത്. ഇതുപോലത്തെ എട്ടു കപ്പലുകൾകൂടി വരും ദിവസങ്ങളിൽ ഇവിടേയ്ക്കു വരും. അഞ്ചോ ആറോ മാസംകൊണ്ടു പദ്ധതി പൂർണമായി കമ്മിഷൻ ചെയ്യാൻ കഴിയും. എത്ര വലിയ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ഒരുമയിലൂടെയും ഐക്യത്തിലൂടെയും കേരളം തെളിയിച്ചിട്ടുണ്ട്. അതാണു വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലുമുണ്ടായത്. ഇതുപോലൊരു പോർട്ട് ലോകത്ത് അപൂർവമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ തുറമുഖത്തിന്റെ ഭാഗമായുള്ളത്. ഇതിന്റെ ഭാഗമായി ഒരു ഔട്ടർ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അതുവഴി ധാരാളം പുതിയ പദ്ധതികൾ വരുമെന്നാണു കണക്കാക്കുന്നത്. അത്രമാത്രം വികസനക്കുതിപ്പിനു കരുത്തേകുന്ന ഒന്നായിരിക്കും ഈ തുറമുഖം- മുഖ്യമന്ത്രി പറഞ്ഞു.

ഈ തുറമുഖം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറും. ആറു മാസംകൊണ്ട് ആ തലത്തിലേക്കു കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളിൽ വലിയ വികസനത്തിനും അതുവഴി സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക

വളർച്ചയ്ക്കും വിഴിഞ്ഞം കാരണമാകും. തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ അനുബന്ധ വ്യവസായങ്ങൾക്കു വലിയ സാധ്യതകളാണു വരാനിരിക്കുന്നത്. അവയെല്ലാം പ്രയോജനപ്പെടുത്താൻ കഴിയണം. വാണിജ്യ വ്യവസായ രംഗങ്ങളിലെ സംരംഭകർ ഇക്കാര്യത്തിൽ നിറഞ്ഞ മനസോടെ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ പശ്ചാത്തല വികസനക്കുതിപ്പിലെ വിജയമുദ്രയാണ് വിഴിഞ്ഞം തുറമുഖമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കടലിനെ സൃഷ്ടിപരമായും ഭാവനപരമായും ഉപയോഗിക്കുന്ന രാജ്യങ്ങൾ വലിയ വകസനക്കുതിപ്പു നേടിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിൽ വിഴിഞ്ഞത്തിനു മുൻപും പിൻപും എന്ന ടെർമിനോളജിക്കു തുടക്കംകുറിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്കു നീക്കത്തിന്റെ കവാടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *