യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം

Spread the love

തിരുവനന്തപുരം : ജനവിരുദ്ധ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് സെക്രട്ടേറിയറ്റ് ഉപരോധത്തിലൂടെ യു.ഡി.എഫ് ഏറ്റെടുത്തിരിക്കുന്നത്. ഇത് സര്‍ക്കാരല്ല കൊള്ളക്കാരാണെന്നാണ് യു.ഡി.എഫ് ജനങ്ങളോട് പറയുന്നത്. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. എ.ഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ

നേതൃത്വത്തില്‍ നടത്തിയ കൊള്ളയുടെ നിഷേധിക്കാനാകാത്ത തെളിവുകളാണ് പ്രതിപക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇതിനെ പ്രതിരോധിച്ച് ഒരു വാചകം പോലും പറയാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ ക്യാമറ ഇടപെടില്‍ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ ഫോണില്‍ ഈ മാസം തന്നെ നിയമനടപടി ആരംഭിക്കും. മാസപ്പടിയില്‍ മാത്യു കുഴല്‍നാടന്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും.

സര്‍ക്കാര്‍ ഇപ്പോഴും അഴിമതി തുടരുകയാണ്. കെ.എസ്.ഇ.ബിയില്‍ 25 വര്‍ഷത്തേക്ക് ഒരു യൂണിറ്റിന് 4.27 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ചിരുന്നു. ഈ സര്‍ക്കാര്‍ ആ കരാര്‍ റദ്ദാക്കി ഏഴ് രൂപയ്ക്ക് വൈദ്യുതി വാങ്ങി. ഇതിലൂടെ ആയിരം കോടിയുടെ നഷ്ടമാണ്

കെ.എസ്.ഇ.ബിക്കുണ്ടായത്. റഗുലേറ്ററി അതോറിട്ടിയുമായി ചേര്‍ന്ന് കോടികളുടെ കൊള്ള നടത്തുന്നതിന് വേണ്ടിയാണ് കരാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ നടത്തിയ ഈ കൊള്ളയുടെ നഷ്ടം നികത്താനാണ് വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. പിണറായിയുടെ ഭരണത്തിന് കീഴില്‍ നാല്‍പ്പതിനായിരം കോടി രൂപയുടെ നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്രയും കഴിവുകെട്ടൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഒരു ഓട പോലും പണിയാന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.

സ്വര്‍ണക്കച്ചവടക്കാരുമായും ബാര്‍ ഉടമകളുമായും സന്ധിയിലായ സര്‍ക്കാര്‍ കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധന സെസും കൂട്ടി ജനങ്ങളെ പിഴിയുകയാണ്. സാധാരണക്കാരുടെ ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ ഈ സര്‍ക്കാര്‍ തകര്‍ത്തു. വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊതുവിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയെ തകര്‍ത്ത് തരിപ്പണമായി. ഓണക്കാലത്ത് മാവേലി സ്‌റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയായി.

കേരളത്തിലെ 9 സര്‍വകലാശാലകളിലും വി.സിമാരില്ല. എസ്.എഫ്.ഐ നേതാക്കള്‍ വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുകയാണ. കോപ്പിയടിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ആള്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുകയാണ്. പി.എസ്.സി.യെ നോക്കുകുത്തിയാക്കി എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്. കാര്‍ഷിക മേഖലയെയും സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കൊടുക്കാന്‍ പോലും സാധിക്കാത്ത സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല.

വിഴിഞ്ഞത്ത് കപ്പലല്ല ക്രെയിനാണ് വന്നത്. ക്രെയിനിനെ സ്വീകരിക്കാന്‍ ഒന്നര കോടിയാണ് ചെലവഴിച്ചത്. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടി കൊണ്ടു വന്നതാണ്. അന്ന് കടല്‍ക്കൊള്ളയെന്നും റിയല്‍ എസ്‌റ്റേറ്റെന്നും ആക്ഷേപിച്ചവരാണ് ഒരു നാണവും ഇല്ലാതെ ക്രെയിനിന് പച്ചക്കൊടി വീശിയത്. ഖജനാവ് കാലിയായിട്ടും കോടികള്‍ ചെലവഴിച്ചാണ് കേരളീയം ആഘോഷിക്കുന്നത്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി എഴുന്നേല്‍ക്കുന്ന കൊള്ളക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതി സര്‍ക്കാര്‍ ജനസദസുമായി പോകുമ്പോള്‍ യു.ഡി.എഫ് 140 മണ്ഡലങ്ങളിലും അഴിമതി സര്‍ക്കാരിനെതിരെ ജനവിചാരണ സദസുകള്‍ സംഘടിപ്പിക്കും. പാര്‍ലമെന്റ്, തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ എ.കെ.ജി സെന്ററില്‍ ഇരുത്തുമെന്നാണ് ജനങ്ങള്‍ പറയുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *