രാഷ്ട്രീയ അടിമകളാകാന്‍ കര്‍ഷകരെ കിട്ടില്ല : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ സംഘടിച്ച് രാഷ്ട്രീയ നിലപാടെടുക്കും.

കോട്ടയം : പ്രകടന പത്രികകളിലൂടെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാകാന്‍ കര്‍ഷകരെ ഇനി കിട്ടില്ലെന്നും കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്്രടീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വിനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ആരും സംരക്ഷിക്കാനില്ലാത്ത അവസരത്തില്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ മാറി ചിന്തിച്ചില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും. വോട്ടുചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി കര്‍ഷകരെ സ്ഥിരനിക്ഷേപമാക്കി കൈപ്പിടിയിലൊതുക്കിയവരൊക്കെ ഇക്കാലമത്രയും എന്തു നേടിത്തന്നുവെന്ന് കര്‍ഷകസമൂഹം വിലയിരുത്തി തീരുമാനിക്കണം.

റബറിന് 250 രൂപയെന്ന പ്രകടനപത്രിക വാഗ്ദാനം കാറ്റില്‍ പറത്തിയിരിക്കുന്നു. റബര്‍ സംഭരണവും പാഴ്‌വാക്കായി. സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ കമ്പനിയും കര്‍ഷകര്‍ക്ക് നേട്ടമാവില്ല. കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. അനിയന്ത്രിത ഇറക്കുമതി ആഭ്യന്തരവിപണി തകര്‍ക്കുമ്പോഴും റബര്‍ കര്‍ഷകരുടെ ക്ഷേമത്തിനായി യാതൊരു നടപടിയുമില്ല. റബര്‍ബോര്‍ഡാകട്ടെ വാണിജ്യ മന്ത്രാലയത്തിന്റെ റബര്‍ സ്റ്റാമ്പായി അധഃപതിച്ചു.

2009ല്‍ ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ റബര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയുടെ അടിത്തറ മാന്തിയ കോണ്‍ഗ്രസ് മുന്നണിക്ക് കര്‍ഷകസ്‌നേഹം പ്രസംഗിക്കാന്‍ അവകാശമില്ല. നെല്ല്, തേങ്ങ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക മേഖലയും തകര്‍ന്നടിഞ്ഞ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. വന്യമൃഗ അക്രമങ്ങള്‍, ബഫര്‍സോണ്‍, പട്ടയം, ഭൂപ്രശ്‌നങ്ങള്‍ ഒന്നിനും പരിഹാരമില്ലാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുമ്പോള്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്രകര്‍ഷകസംഘടനകള്‍ സംഘടിച്ച് രാഷ്ട്രീയ നിലപാടെടുക്കാന്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരുമെന്നും കര്‍ഷകസംരക്ഷണം ഉറപ്പാക്കുന്നവരെ മാത്രമേ കര്‍ഷകര്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ പിന്തുണയ്ക്കുകയുള്ളുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *