പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ സെലക്ഷൻ നടത്തുന്നതിനു സംസ്ഥാന സർക്കാരിനു കീഴിൽ രൂപീകരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പോ വഞ്ചനയോ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നു ബോർഡ് സെക്രട്ടറി അറിയിച്ചു. ഇത്തരം വ്യക്തികൾക്കെതിരേ നടപടി സ്വീകരിക്കുന്നതിനായാണിത്. പൊതുജനങ്ങൾക്ക് ബോർഡിന്റെ വിജിലൻസ് ഓഫീസറായ സെക്രട്ടറിയെ [email protected] എന്ന ഇ-മെയിലിലോ സംസ്ഥാന വിജിലൻസ് വകുപ്പ് മേധാവിയേയോ വിവരം അറിയിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി എഴുത്തു പരീക്ഷ, സ്‌കിൽ ടെസ്റ്റ്, അഭിമുഖം ഉൾപ്പെടെയുള്ള നടപടികളിലൂടെ സുതാര്യമായാണു ബോർഡ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതെന്നും സെക്രട്ടറി അറിയിച്ചു.