രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള

Spread the love

മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെ 11 വേദികൾ
പഴങ്കഞ്ഞി മുതൽ ഉറുമ്പു ചമ്മന്തി വരെ
പഞ്ചനക്ഷത്രം മുതൽ തട്ടുകട ഭക്ഷണം വരെ
കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങൾ അണിനിരത്തുന്നത്. ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനുകാർഡുകളിലൊന്ന് ഭക്ഷ്യമേളയുടെ ഭാഗമായി പുറത്തിറക്കും.

തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ നൂറ്റൻപതിലധികം സ്റ്റാളുകൾ ഭക്ഷ്യമേളയുടെ ഭാഗമായി സജ്ജീകരിക്കും. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ച് വിജയിച്ച ചെറുകിട സംരംഭകരുടേതായിരിക്കും. പട്ടിക വർഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.
കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവിഭവങ്ങളായ രാമശേരി ഇഡലി, വനസുന്ദരി ചിക്കൻ, പുട്ടും കടലയും തുടങ്ങി കുട്ടനാടൻ കരിമീൻ വരെ 10 കേരളീയ വിഭവങ്ങൾ ബ്രാൻഡ്‌ചെയ്ത് അവതരിപ്പിക്കും. ഓരോവിഭവത്തിന്റെയും ചരിത്രം, നിർമാണരീതി അടക്കമുള്ള വീഡിയോ പ്രദർശനവും ഓരോ സ്റ്റാളിലും ഉണ്ടാകും. പഴങ്കഞ്ഞിമുതൽ ഉണക്കമീൻ വിഭവങ്ങൾ വരെ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികൾ ആസ്വദിക്കാൻ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം: നൊസ്റ്റാൾജിയ, ഉറുമ്പുചമ്മന്തി മുതൽ കിഴങ്ങുവർഗങ്ങളുടെ വ്യത്യസ്തവിഭവങ്ങൾ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി കോളജിലെ എത്‌നിക് ഫുഡ്‌ഫെസ്റ്റ് എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *