കളമശേരി സ്ഫോടനം കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ വെല്ലുവിളിക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍

Spread the love

കളമശേരി സ്ഫോടനം കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ വെല്ലുവിളിക്കുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

അതീവ ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിലുള്ള നടുക്കം ഇപ്പോഴും മാറിയിട്ടില്ല. സ്ഫോടനത്തെ കോണ്‍ഗ്രസ് ശക്തിയായി അപലപിക്കുകയാണ്. ഇന്റലിജന്‍സ് സംവിധാനത്തിന്റെ നിഷ്‌ക്രിയത്വത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ ബഹുസ്വരതയും സഹവര്‍ത്തിത്വം തകര്‍ക്കാനായി നടക്കുന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ നിഷ്പക്ഷവും നീതിയുക്തവുമായ സത്വര അന്വേഷണം നടത്തണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിധ്വംസക ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷനല്‍കണം. ഒന്നില്‍ കൂടുതല്‍പേര്‍ കളമശേരി സ്‌ഫോടനത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം.

കേരളത്തിന്റെ സമാധാന അന്തരീക്ഷം വിഷലിപ്തമാക്കാനോ തകര്‍ക്കാനോ ആരെയും അനുവദിക്കില്ല. അതിനായി പരിശ്രമിക്കുന്ന ശക്തികളെ നാം ഒറ്റക്കെട്ടായി ചെറുത്തു പരാജയപ്പെടുത്തണം.സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രത ആഭ്യന്തരവകുപ്പ് പാലിക്കണം. അതിനോടൊപ്പം ഈ സംഭവത്തിന്റെ പേരില്‍ മതസ്പര്‍ദ്ധവളര്‍ത്താന്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ക്രമസമാധാന ഭദ്രത കൂടുതല്‍ ശക്തിപ്പെടുത്താനും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *