രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാലസ്തീന്‍ വിഷയത്തെ സി.പി.എം ദുരുപയോഗം ചെയ്യുന്നു,ജനപിന്തുണ നഷ്ടമായെന്ന് മനസിലായതു കൊണ്ടാണ് സി.പി.എം ലീഗിന് പിന്നാലെ നടക്കുന്നത് – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കൊച്ചി : ലീഗിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ് രാഷ്ട്രീയ നേട്ടമാണെന്ന് ഇപ്പോഴും സി.പി.എം പറയുന്നത്. സി.പി.എമ്മിനെക്കാള്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടിയാണ് ലീഗ്. നേതൃത്വം ഒരു തീരുമാനം പറഞ്ഞാല്‍ താഴേത്തട്ടിലുള്ള അണികള്‍ വരെ അതിനൊപ്പം നില്‍ക്കും.  അലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച ചെയ്‌തെടുത്ത ഒരു തീരുമാനത്തെ ധിക്കരിച്ച് ഒരു ലീഗ് പ്രവര്‍ത്തകനും സി.പി.എം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ടും സി.പി.എം എന്തിനാണ് ലീഗിന്റെ പിന്നാലെ നടക്കുന്നത്? കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങള്‍ ഇല്ലെന്ന് രണ്ട് തവണ ലീഗ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും പിന്നാലെ നടക്കുകയാണ്. സര്‍ക്കാരിനും എല്‍.ഡി.എഫിനും ആത്മവിശ്വാസം നഷ്ടപ്പെടുകയും ജനപിന്തുണ നഷ്ടമാകുകയും ചെയ്‌തെന്ന യാഥാര്‍ത്ഥ്യം മനസിലായതു കൊണ്ടാണ് ലീഗിന് പിന്നാലെ ഇങ്ങനെ നടക്കുന്നത്.

ക്ഷണം കിട്ടിയപ്പോള്‍ ലീഗ് നേതാക്കള്‍ കൂടിയാലോചിച്ച് 48 മണിക്കൂറിനകം തീരുമാനം പറഞ്ഞു. ഇ.ടി മുഹമ്മദ്ബഷീര്‍ അങ്ങനെ സംസാരിക്കാന്‍ ഇടയായ സാഹചര്യം എന്താണെന്നു കൂടി ലീഗ് നേതൃത്വം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജാള്യത മറയ്ക്കാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. പാലസ്തീന്‍ വിഷയത്തോടുള്ള സി.പി.എമ്മിന്റെ ആത്മാര്‍ത്ഥത കൂടി ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. പാലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യമല്ല, രാഷ്ട്രീയലക്ഷ്യമാണ് സി.പി.എമ്മിനുള്ളതെന്ന് അവര്‍ പറയാതെ പറയുകയാണ്. രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിന് വേണ്ടി പാലസ്തീന്‍ വിഷയത്തെ സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിനിടയിലും ലീഗും സമസ്തയും യു.ഡി.എഫുമൊക്കെയാണ് സി.പി.എമ്മിന്റെ ചര്‍ച്ചാവിഷയം. നിരവധി പേര്‍ മരിച്ചു വീഴുകയും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുകയും കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഉയരുകയും ചെയ്യുന്ന ഗുരുതര പ്രശ്‌നത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സി.പി.എം കൊണ്ടു ചെന്നു കെട്ടിയിരിക്കുകയാണ്. ഇതാണ് ജനങ്ങള്‍ മനസിലാക്കേണ്ടത്. റാലി നടത്തുന്നത് പാലസ്തീന് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.

കേരളീയം പരിപാടി സി.പി.എം പരിപാടിയാണെന്നാണ് കൈരളി റിപ്പോര്‍ട്ടര്‍ പോലും പറയുകയാണ്. പ്രതിപക്ഷ ആരോപണം കൈരളിയും ശരിവച്ചിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *