സഹകരണ മേഖലയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിലില്ല : മുഖ്യമന്ത്രി

Spread the love

സഹകരണ മേഖലയുടെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ലെന്നും അത്ര വിപുലമാണു കേരളത്തിലെ സഹകരണ മേഖലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകാരി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സഹകരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തു വീടുകൾതോറും ബാങ്കിങ് സംസ്‌കാരം വളർത്തിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കുടുംബങ്ങളേയും ബാങ്കുകളുമായി ബന്ധപ്പെടുത്തി സമ്പൂർണ ബാങ്കിങ് രീതി ആർജിക്കാൻ കഴിഞ്ഞതു സഹകരണ മേഖലയുടെ പ്രവർത്തനഫലമാണ്. ആഗോളവത്കരണ നയത്തിനു മുൻപുള്ള അവസ്ഥയും ശേഷമുള്ള അവസ്ഥയും സഹകരണ മേഖലയെ വ്യത്യസ്തമായി ബാധിച്ചു. ആഗോളവത്കരണ നയം അംഗീകരിക്കുന്നതിനു മുൻപ് സഹകരണ രംഗത്തിനുവേണ്ടി പ്രവർത്തിച്ച കമ്മിഷനുകൾ ഈ മേഖലയ്ക്കു കരുത്തു പകരുന്ന നിർദേശങ്ങളാണു സമർപ്പിച്ചിരുന്നതെങ്കിൽ അതിനു ശേഷം വന്നവ ഈ മേഖലയ്ക്കു നാശം വിതയ്ക്കാൻ ഉതകുന്ന നിർദേശങ്ങളാണു സമർപ്പിച്ചിരുന്നത്. ഈ ഘട്ടത്തിലെല്ലാം കേരളം അതിന്റേതായ പ്രത്യേക തനിമ നിലനിർത്തിപ്പോന്നു. സഹകരണ മേഖലയ്ക്ക് ഏതെങ്കിലും തരത്തിൽ പ്രതികൂലമാകുന്ന നിർദേശങ്ങൾ അഖിലേന്ത്യാതലത്തിൽ രൂപംകൊണ്ട കമ്മിഷനകൾ മുന്നോട്ടുവച്ചാൽ അവയെ തുറന്നുകാണിക്കുന്നതിനും എതിർക്കുന്നതിനും കേരളത്തിലെ സഹകാരികൾ ഒറ്റക്കെട്ടായി നിന്നു. കേരളത്തിലെ സഹകരണ മേഖലയ്ക്കു ദോഷമുണ്ടാക്കുന്ന എല്ലാ നിർദേശങ്ങളേയും ശക്തമായി എതിർക്കുന്ന സമീപനമാണു മാറിവന്ന സർക്കാരുകൾ സ്വീകരിച്ചുവന്നത്.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ വി.കെ. പ്രശാന്ത്, വി. ജോയ്, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, പ്രകാശ് ബാബു, ബീമാപ്പള്ളി റഷീദ്, കരകുളം കൃഷ്ണപിള്ള, മനയത്ത് ചന്ദ്രൻ, എം.എസ്. ഷെറിൻ, സി.പി. ജോൺ, സംസ്ഥാ സഹകരണ യൂണിയൻ അഡിഷണൽ രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ, പി. നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *