രാജ്ഭവന്റെ അടുക്കള പൂട്ടിയത് മഹാനാണക്കേട് ഹൈക്കോടതി നിരീക്ഷണം കണ്ണുതുറപ്പിക്കണമെന്ന് കെ സുധാകരന്‍ എംപി

Spread the love

പാവപ്പെട്ട ജനങ്ങളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് ആഘോഷിക്കാന്‍ കഴിയുകയെന്ന ഹൈക്കോടതിയുടെ നിരീക്ഷണമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണുതുറപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ നല്‌കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചുവയ്ക്കുകയും ആ പണം പിണറായിയെ സ്തുതിക്കാന്‍ വിനിയോഗിക്കുകയും പാര്‍ട്ടി അസഹനീയമായ പിരിവു നടത്തുകയും ചെയ്യുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഈറനണിയുമെന്ന് സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ പണം നല്കാത്തതിനാല്‍ രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് ഇന്ധനവും അടുക്കളയില്‍ അവശ്യസാധനങ്ങളും മുടങ്ങിയ അത്യപൂര്‍വ സംഭവമാണ് ഇന്ന് ലോകം കാണുന്നത്. 28 കോടി രൂപ മുടക്കി പിണറായിപ്പെരുമ ആഘോഷിച്ചതിന്റെ കൊട്ടിക്കലാശം തീരും മുമ്പ് കേരളത്തിന്റെ യഥാര്‍ത്ഥ അവസ്ഥയാണ് പുറത്തവന്നത്. ഇതില്‍പ്പരമൊരു നാണക്കേട് ഉണ്ടാകാനില്ല.

വിധവാ പെന്‍ഷന്‍ കിട്ടാതെ പിച്ചച്ചട്ടി എടുക്കേണ്ടി വന്ന സ്ത്രീകള്‍, ഊട്ടിയ ചോറിന് പണം ചോദിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന കുടുംബശ്രീക്കാര്‍, മൂന്നു മാസത്തെ പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യാമുനമ്പിലെത്തിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍, 200 കോടി രൂപ മുടക്കി സൂക്‌ളില്‍ ഉച്ചഭക്ഷണം നല്കി പ്രതിസന്ധിയിലായ പ്രധാനാധ്യാപകര്‍, വിറ്റ നെല്ലിന്റെ പണത്തിനു യാചിക്കുന്ന കര്‍ഷകര്‍, 5 ഗഡു ഡിഎയും ശമ്പള പരിഷ്‌കരണ കുടിശികയും കിട്ടാതെ വലയുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും, നാലുമാസമായി പെന്‍ഷന്‍ കിട്ടാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍. നാണക്കേടിന്റെ വ്യത്യസ്ത മുഖങ്ങളാണിതൊക്കെ.
വിപണിയില്‍ ഇടപെടാന്‍ ചെലവഴിച്ച 1524 കോടി രൂപ ഉടനേ സപ്ലൈകോയ്ക്ക് നല്‍കിയില്ലെങ്കില്‍ പൊതുവിതണ സമ്പ്രദായം നിലയ്ക്കും. ഇപ്പോള്‍ തന്നെ നിരവധി വിതരണക്കാര്‍ സപ്ലൈക്കോയ്ക്ക് സാധനങ്ങള്‍ നല്കുന്നില്ല. സബ്‌സിഡി സാധനങ്ങള്‍ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍നിന്ന് അപ്രത്യക്ഷമായിട്ട് നാളേറയായി. വൈദ്യുതി സബ്‌സിഡിയായി 403 കോടി രൂപ കിട്ടിയില്ലെങ്കില്‍ വൈദ്യുതി നിരക്ക് വീണ്ടും കുത്തനേ കൂടും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റില്‍ നല്‌കേണ്ട 3000 കോടി രൂപയുടെ പദ്ധതി വിഹിതം ഇതുവരെ നല്കിയില്ല. എന്നിട്ടാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസിന്റെ ചെലവ് വഹിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അഴിമതിയും ആര്‍ഭാടവുമാണ് ഈ അവസ്ഥയിലേക്ക് കേരളത്തെ തള്ളിയിട്ടത്. ബാര്‍ ഉടമകള്‍, സ്വര്‍ണക്കടക്കാര്‍ തുടങ്ങിയ പ്രമുഖരില്‍നിന്ന് നിന്ന് നികുതി പിരിക്കുന്നില്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഊരാളുങ്കലിന് എല്ലാ പ്രവര്‍ത്തികളും നല്കുന്നു. എല്ലാ ജില്ലകളിലും പൗരപ്രമുഖരുമായി മാത്രം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഈറനണിഞ്ഞ കണ്ണുകള്‍ കാണാതിരിക്കാനാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *