യുവ ആദിവാസി കലാകാരന് സാന്ത്വനമേകി മന്ത്രി വീണാ ജോര്‍ജ്

Spread the love

മന്ത്രി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രി സന്ദര്‍ശിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നവര്‍ക്കെതിരെ നടപടി.

ഗുരുതരമായ വൃക്ക രോഗത്തിലൂടെ കടന്നുപോകുന്ന അട്ടപ്പാടിയിലെ ആദിവാസി കലാകാരനും ഗായകനും നടനും സംവിധായകനും നര്‍ത്തകനും നാടക സിനിമ പ്രവര്‍ത്തകനും ഗവേഷകനുമായ കുപ്പുസ്വാമിയ്ക്ക് (39) സാന്ത്വനമേകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെത്തിയ കുപ്പസ്വാമിയെ മന്ത്രി നേരിട്ട് കണ്ട് സംസാരിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് കുപ്പുസ്വാമി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി വീണ ജോര്‍ജ് ഇന്ന് രാവിലെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട് നിന്ന് പുറപ്പെട്ട് രാവിലെ 6.30ന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. രോഗികളുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി. ‘ആര്‍ദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി പാലക്കാട് ജില്ലയിലുള്ളത്.

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കാലതാമസം വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വലിയ വികസന പ്രവര്‍ത്തനങ്ങളാണിവിടെ നടന്നു വരുന്നത്. ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡിലേക്ക് ക്രമീകരിക്കുകയാണ്. ഇവ അന്തിമഘട്ടത്തിലാണ്. ഡയാലിസിസ് യൂണിറ്റില്‍ കൂടുതല്‍ മെഷീനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കം. പലതവണ ഈ ആശുപത്രിയില്‍ വന്നിട്ടുണ്ടെങ്കിലും ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കൂടിയാണ് വന്നതെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *