ചട്ടം ലംഘിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥന്‍ പണപ്പിരിവ് നടത്തിയത് അന്വേഷിക്കണം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സി.പി.എമ്മിന് ലീഗ് പങ്കെടുക്കാത്തതിന്റെ ജാള്യത; ജനകീയ ഹോട്ടല്‍ നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു; സര്‍വീസ് ചട്ടം ലംഘിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥന്‍ പണപ്പിരിവ് നടത്തിയത് അന്വേഷിക്കണം.

ആലപ്പുഴ : സി.പി.എം രണ്ട് തവണ ക്ഷണിച്ചിട്ടും കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത റാലിയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ജാള്യതയാണ് ഇ.പി ജയരാജന്റെ പ്രതികരണത്തില്‍ കാണുന്നത്. ലീഗും കോണ്‍ഗ്രസും തമ്മില്‍ പതിറ്റാണ്ടുകളായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിക്കാന്‍ ഒരു സി.പി.എമ്മിനും കഴിയില്ല.

കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍ നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കണം. അവര്‍ക്ക് നല്‍കാനുള്ള പണം നല്‍കണം. പണം നല്‍കാതെ കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. അതിന് ന്യായീകരണം പറഞ്ഞിട്ട് കാര്യമില്ല.

കേരളീയത്തിന്റെ പേരില്‍ ജി.എസ്.ടി ഇന്റലിജന്‍സ് അഡീ. കമ്മിഷണറെക്കൊണ്ട് പണം പിരിപ്പിച്ചതിന് സര്‍ക്കാര്‍ ഉത്തരം പറയണം. കേരള ഫിനാന്‍ഷ്യല്‍ കോഡ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനും പണപ്പിരിവ് നടത്താന്‍ അധികാരമില്ല. എന്നിട്ടാണ് ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി അയാള്‍ക്ക് സമ്മാനം കൊടുത്തത്. നികുതി വെട്ടിപ്പ് തടയേണ്ട ആളെക്കൊണ്ട് ഭീഷണിപ്പെടുത്തിയും ശാസിച്ചും സൗകര്യങ്ങള്‍ ചെയ്തു നല്‍കിയും ജി.എസ്.ടി അഡീ. കമ്മിഷണര്‍ പണപ്പിരിവ് നല്‍കിയതിനെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. നികുതി പിരിവില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനിടയിലാണ് നികുതിവെട്ടിപ്പുകാരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയത്. റെയ്ഡുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പിലാണ് സ്‌പോണ്‍സര്‍ഷിപ്പ്. ജി.എസ്.ടി ഉദ്യോഗസ്ഥനെക്കൊണ്ട് പിരിവ് നടത്തിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണ്.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *