യുഡിഎഫ് എംപിമാരെ അവഹേളിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Spread the love

യുഡിഎഫ് എംപിമാര്‍ക്കെതിരായ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആരോപണം തെറ്റാണെന്നും ഇത്തരത്തില്‍ ചെളിവാരിയെറിയുന്നതിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി.

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്കായി നിരന്തരം പാര്‍ലമെന്‍റിലെ ഇരുസഭകളിലും ശബ്ദം ഉയര്‍ത്തുന്നവരാണ് യുഡിഎഫ് എംപിമാര്‍. സബ്മിഷനിലും സീറോ അവറിലും ഉള്‍പ്പെടെ ലഭ്യമാകുന്ന ഓരോ അവസരവും സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യം യുഡിഎഫ് ജനപ്രതിനിധികള്‍ ശക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്.പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി പ്രതിപക്ഷ എംപിമാരെ കാണാന്‍ പോലും കൂട്ടാക്കാത്ത സാഹചര്യമാണ്. പ്രതിപക്ഷ ബഹുമാനം തീരെയില്ലാത്ത മോദി സര്‍ക്കാര്‍ ഏതുവിധേനെയും ബിജെപി ഇതര എംപിമാരെ അയോഗ്യരാക്കാനുള്ള വഴിതേടുകയാണ്. എന്നിട്ടും ഭയരഹിതമായി കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ഉറച്ച ശബ്ദമാണ് കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തിയിട്ടുള്ളത്.

ഒറ്റക്കെട്ടായി കേരളത്തിന്‍റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് പകരം മുഖ്യമന്ത്രി യുഡിഎഫ് എംപിമാരെ മാറ്റിനിര്‍ത്തുകയാണ്. മുഖ്യമന്ത്രി പലപ്പോഴും രാഷ്ട്രീയം കളിക്കുകയാണ്. കോവിഡ് കഴിഞ്ഞിട്ടും എംപിമാരുടെ യോഗം ഓണ്‍ലെെനായിട്ടാണ് മുഖ്യമന്ത്രി വിളിക്കുന്നത്. ഇത് ഫലപ്രദമല്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടും ആ കീഴ്വഴക്കം മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിന് പിന്നില്‍ എണ്ണത്തില്‍ കൂടുതലുള്ള യുഡിഎഫ് എംപിമാരെ മുഖാമുഖം കാണാനുള്ള മുഖ്യമന്ത്രിയുടെ വെെമുഖ്യമാണ്.. കൂടാതെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും എംപിമാരെ നേരില്‍ കാണാനോ, കേരളത്തിന്‍റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ അവരോടൊപ്പം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനോ താല്‍പ്പര്യം കാട്ടുന്നില്ല.പകരം ജോണ്‍ബ്രിട്ടാസ്, എളമരം കരീം എന്നിവര്‍ക്ക് വലിയ പരിഗണന നല്‍കുമ്പോള്‍ യുഡിഎഫ് ജനപ്രതിനിധികളെ പാടെ അവഗണിക്കുന്ന സമീപനമാണ്.ലോകസഭയിലേയും രാജ്യസഭയിലേയും കേരളത്തില്‍ നിന്നുള്ള ഇടതു എംപിമാരുടെ ഉത്തരവാദിത്തം മറച്ചുപിടിച്ച് യുഡിഎഫ് എംപിമാരെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നത് അവസരവാദ നിലപാടാണെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *