പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
നവകേരള സദസ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി; നികുതിപ്പണം ചെലവഴിച്ചല്ല, പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടത്.
തിരുവനന്തപുരം : കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുകയും കര്‍ഷകനെ സിബില്‍ റേറ്റിങില്‍ ഉള്‍പ്പെടുകയും ചെയ്യും. സിബില്‍ സ്‌കോര്‍ കുറയുന്നതിനാല്‍ ഒരു ബാങ്കില്‍ നിന്നും വായ്പ
കിട്ടാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കര്‍ഷകരെ എത്തിച്ചിരിക്കുകയാണ്. കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്. ആത്മഹത്യാ കുറിപ്പിലും പ്രസാദ് സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കേരളീയം പോലെ നവകേരള സദസുമായി സര്‍ക്കാര്‍ വരികയാണ്. നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചരണ പരിപാടിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക്
പോകുമെന്നാണ് പറയുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ നവകേരള സദസിന്റെ പേരില്‍ സാധാരണക്കാരുടെ നികുതിയില്‍ നിന്നും തട്ടിയെടുക്കുന്നത്.
ഇ.ഡി കേരളത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തിയ ഒരു അന്വേഷണവും എങ്ങും എത്തിയില്ല. പ്രധാന നേതാക്കളിലേക്ക് ഒരു അന്വേഷണവും എത്തുന്നില്ല. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചു. കരുവന്നൂരിലെ അന്വേഷണവും
ആവിയായി പോകും. സര്‍ക്കാരിനെ സഹായിക്കുന്ന സമീപനമാണ് കേരളത്തില്‍ ഇ.ഡി സ്വീകരിക്കുന്നത്. മാസപ്പടി ആരോപണത്തില്‍ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. എന്നിട്ടും കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട ഇ.ഡി അതേക്കുറിച്ച് അന്വേഷിച്ചില്ല. ഇ.ഡി കേരളത്തില്‍ പക്ഷപാതത്തോടെയാണ് പെരുമാറുന്നത്.
സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചെങ്കിലും അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. കേരളം ഇതുവരെ കാണാത്ത ഭയനാകമായ ധനപ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് കേരളം
കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആറ് മാസമായി കൊടുക്കാത്തത് കൊണ്ടാണ് 80 വയസുള്ള വയോധികമാര്‍ക്ക് അടിമാലിയില്‍ പിച്ചയെടുക്കേണ്ടി വന്നത്. ഇപ്പോള്‍ സി.പി.എം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത് 80 വയസു കഴിഞ്ഞ ഈ പാവം സ്ത്രീകളെയാണ്. ആ അമ്മമാരുടെ വീട് ആക്രമിച്ചെന്ന പരാതി അന്വേഷിക്കണം.
ഒരു ലക്ഷം പേരാണ് പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക കിട്ടാതെ മരിച്ചു പോയത്. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടാത്തത് കൊണ്ടാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്നും പണം കിട്ടാത്തത് കൊണ്ട് മാത്രമല്ല സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടായത്. അഞ്ച് വര്‍ഷമായി ജി.എസ്.ടി കോമ്പന്‍സേഷന്‍ കിട്ടുന്നില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വാറ്റും ജി.എസ്.ടിയും വന്നപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമെ കോമ്പന്‍സേഷന്‍ ഉണ്ടായിരുന്നുള്ളൂ. 2022 ജൂണില്‍ ജി.എസ്.ടി കോമ്പന്‍സേഷന്‍ കാലാവധി അവസാനിച്ചു. കേരളമായിരുന്നു ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കേണ്ട സംസ്ഥാനം. എന്നാല്‍ ജി.എസി.ടിക്ക് അനുരോധമായി നികുതി ഭരണസംവിധാനം പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ജി.എസ്.ടി വകുപ്പില്‍ നൂറു കണക്കിന് ജീവനക്കാര്‍ ഇപ്പോഴും വെറുതെയിരിക്കുകയാണ്. നികുതി പിരിക്കേണ്ട ഇന്റലിജന്‍സ് അഡീ. കമ്മിഷണറെക്കൊണ്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും കേരളീയത്തിന് പണം പിരിപ്പിച്ചു. നികുതി വെട്ടിപ്പുകാരെ പിടിക്കേണ്ട ഇന്റലിജന്‍സ് അഡീ. കമ്മിഷണര്‍ അവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേരളീയത്തിന് പണം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
ധനപ്രതിസന്ധിക്ക് കാരണം നികുതി പിരിക്കാത്തതാണ്. രാജ്ഭവനില്‍ പോലും ഭക്ഷണം വാങ്ങാന്‍ പണമില്ല. ഓഫീസുകളില്‍ സ്റ്റാമ്പ് വാങ്ങാന്‍ പണമില്ല. പഞ്ചായത്തുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ് നല്‍കാതെയാണ് അവരില്‍ നിന്നും പണം വാങ്ങുന്നത്. ഒരു മര്യാദയും ഇല്ലാതെയാണ് ഉദ്യോഗസ്ഥരെക്കൊണ്ട് പണപ്പിരിവ് നടത്തിക്കുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന ഖ്യാതി പിണറായി സര്‍ക്കാരിനാണ്. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കാരണവശാലും പണം നല്‍കില്ല. ഇത് സംബന്ധിച്ച മുന്നണി നിലപാട് യു.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിക്കും.
വിലക്കയറ്റം ഉണ്ടാകുമ്പോള്‍ വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈകോയില്‍ രണ്ട് മാസമായി ടെന്‍ഡറില്‍ ആരും പങ്കെടുക്കുന്നില്ല. 1500 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. നെല്ല് സംഭരണത്തിലും കോവിഡ് കാലത്തെ കിറ്റ് വിതരണത്തിലും പണം നല്‍കാനുണ്ട്. 3500 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. സപ്ലൈകോയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നതായിരുന്നു എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം സപ്ലൈകോയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ ഡെവല്യൂഷന്‍ ടാക്‌സ് കുറഞ്ഞിട്ടുണ്ട്. അത് വര്‍ധിപ്പിക്കണമെന്നാണ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്. പക്ഷെ കേരളത്തിലെ പ്രതിസന്ധിക്ക് കാരണം അതുമാത്രമല്ല. അഞ്ച് വര്‍ഷത്തേക്ക് മാത്രം ഉണ്ടായിരുന്ന ജി.എസ്.ടി കോമ്പന്‍സേഷന്‍ കിട്ടുന്നില്ലെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 53000 കോടിയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചത്. മറ്റൊരു സംസ്ഥാനത്തിനും ഇത്രയും വലിയ ആനുകൂല്യം ലഭിച്ചിട്ടില്ല. സ്വര്‍ണത്തിന്റെ വില 11 ഇരട്ടിയായി വര്‍ധിച്ചിട്ടും 5000 കോടി രൂപ കിട്ടേണ്ട സ്ഥാനത്ത് ഗ്രാമിന് 500 രൂപയുണ്ടായിരുന്നപ്പോഴുള്ള നികുതി മാത്രമാണ് സംസ്ഥാനത്തിന് കിട്ടുന്നത്. ബാറുകളുടെ എണ്ണവും മദ്യഉപഭോഗവും വര്‍ധിച്ചിട്ടും നികുതി വരുമാനം കൂടിയില്ല. കോടിക്കണക്കിന് രൂപയാണ് നികുതി വകുപ്പിന്റെ കെടുകാര്യസ്ഥതയിലൂടെ നഷ്ടപ്പെടുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. സി.പി.എം സംഘടനാ നേതാക്കളാണ് ജി.എസ്.ടി ഇന്റലിജന്‍സ് തലപ്പത്തിരിക്കുന്നത്. എവിടെയെങ്കിലും റെയ്ഡ് നടത്തിയാല്‍ നേതാക്കള്‍ ഇടപെടും. കേരളീയത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥനാണ് അഴിമതിക്ക് കൂട്ടു നില്‍ക്കുന്നത്. ക്വാറികള്‍ റെയ്ഡ് ചെയ്ത് പണം വാങ്ങി കേരളീയത്തിന് നല്‍കി. ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ യു.ഡി.എഫ് നിയമവഴി തേടും.
2020 ഡിസംബറിലും കഴിഞ്ഞ വര്‍ഷവും യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിലെ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും കെടുകാര്യസ്ഥതയുള്ള ധനകാര്യ, നികുതി ഭരണ സംവിധാനങ്ങള്‍ കേരളം കണ്ടിട്ടില്ല. നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയുമാണ് മുഖമുദ്ര. ഒരു പണിയും ചെയ്യാന്‍ സര്‍ക്കാര്‍ തയാറല്ല. നികുതി പിരിക്കാതെയാണ് കെട്ടിട നികുതിയും വെള്ളക്കരവും വൈദ്യുതി ചാര്‍ജും കൂട്ടിയത്. എല്ലാം സാധാരണക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ്.
കോണ്‍ഗ്രസ് കണ്‍വെന്‍ഷനുകളില്‍ വന്‍ജനപങ്കാളിത്തമാണുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സുസജ്ജമാക്കാനുള്ള പര്യടനമാണ് ഇപ്പോള്‍ നടത്തിയത്. വന്‍ പ്രതികരണമാണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. കൂടുതല്‍ അച്ചടക്കത്തോടെയും ചിട്ടയോടെയും പ്രചരണം കാഴ്ചവയ്ക്കുന്ന പാര്‍ട്ടി സംവിധാനം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഡിസംബര്‍ ഒന്ന് മുതല്‍ 20 വരെ സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി 140 നിയോജക മണ്ഡലങ്ങളിലും ജന വിചാരണ സദസുകള്‍ സംഘടിപ്പിക്കും. കേരളത്തിലെ സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു സമരത്തിനും കോണ്‍ഗ്രസില്ല.