മന്ത്രി കെ. രാജൻ ഭാസ്കരനെ ആദരിച്ചു.
പുത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ അങ്കണവാടിക്കായി സ്ഥലം സൗജന്യമായി വിട്ട് നൽകിയ നെല്ലിച്ചുവട് – കുഞ്ഞനം പാറ,
എടക്കുന്ന് വീട്ടിൽ എം.എ. ഭാസ്കരനെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ആദരിച്ചു. മൂന്നു സെന്റ് സ്ഥലമാണ് ഭാസ്കരൻ അങ്കണവാടിക്കായി വിട്ടു നൽകിയത്.
സ്ഥലം ലഭിച്ച 127ാം നമ്പർ അങ്കണവാടിയെ സ്മാർട്ട് അങ്കണവാടിയായി മാറ്റാൻ ആവശ്യമായ പണം എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ. രാജൻ പറഞ്ഞു. എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞാൽ ഉടനടി പണം അനുവദിക്കും. ഇതോടൊപ്പം ഒല്ലൂർ നിയോജക മണ്ഡലത്തിലെ എല്ലാ അങ്കണവാടികൾക്കും രണ്ട് വീതം ബേബി ബെഡ്ഡുകൾ ഈ അധ്യയന വർഷം തന്നെ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭാസ്കരന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എസ്. സജിത്ത്, വാർഡ് മെമ്പർമാരായ ഷീബ ഷാജൻ, എൻ.ജി. സനൂപ്, പഞ്ചായത്ത് സെക്രട്ടറി അരുൺ ടി. ജോൺ, അങ്കണവാടി ടീച്ചർ രാജി, ഭാസ്കരന്റെ ഭാര്യ ദേവകി, മകൻ അഭിലാഷ് കുടുംബാംഗമായ ശിവരാമൻ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.