കാസർഗോഡ് ജില്ലയിലെ പൈവളിഗെ, മീഞ്ച ഗ്രാമപഞ്ചായത്ത് പരിധിയിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് അറിയിച്ചു.
നിലവിൽ പൈവളിഗെ ഗ്രാമപഞ്ചായത്ത് പരിധിയിൽ 39 പേർക്കും മീഞ്ച പഞ്ചായത്ത് പരിധിയിൽ 15 പേർക്കും മഞ്ഞപിത്തം എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗപകർച്ച തടയുന്നതിനുവേണ്ടി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനം തീരുമാനിക്കുന്നതിനും വേണ്ടി എം.എൽ.എ, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാർ, പെരിയ കേന്ദ്ര സർവ്വകലാശാലയിലെ വൈറോളജി വിഭാഗത്തിലെ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.ഹെപ്പറ്റൈറ്റിസ് എ (എച്ച്.എ.വി) വൈറസ് ആണ് ഈ രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്.രോഗാണു ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 6 ആഴ്ചകൾ കഴിയുമ്പോഴാണ് സാധാരണയായി ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ലക്ഷണങ്ങൾ 2 മുതൽ 12 ആഴ്ചവരെ നീണ്ടുനിൽക്കും.
ഹെപ്പറ്റൈറ്റിസ് എ- ലക്ഷണങ്ങൾമഞ്ഞപ്പിത്തം (ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട നിറമുള്ള മൂത്രം, കടുത്ത ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, തലവേദന, പേശിവേദന, പനി.ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം.പ്രതിരോധ മാർഗങ്ങൾ
• മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം ചെയ്യുക.
• ആഹാരത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവുമപോയോഗിച്ച് വൃത്തിയായി കഴുകുക.
• കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
• ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളിൽ നിന്ന് വില്പന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്, ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റു ഉത്പന്നങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
• മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക.
• തൂവാല, തോർത്ത് മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കുവെക്കാതിരിക്കുക.
രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും,ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു.