മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു. ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വെമ്പിള്ളി ഗവ. എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച ശുചിത്വോത്സവം പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു.ഹരിത സമൃദ്ധം- ഹരിത വിദ്യാലത്തിലേക്കൊരു ഹരിത ചുവട് പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിൽ ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ശുചിത്വോത്സവത്തിന്റെ ഭാഗമായി കുട്ടികൾ പാഴ് വസ്തുക്കളിൽ നിന്ന് നിർമ്മിച്ചു കൊണ്ടുവന്ന വസ്തുക്കളുടെ പ്രദർശനമായ പാഴ് പുതുക്കൽ മേളയും സംഘടിപ്പിച്ചു.ജൈവ മാലിന്യ സംസ്കരണം -ശാസ്ത്രവും രീതികളും, നല്ല നാളെക്കായി കരുതി കൈ മാറാം അജൈവ പാഴ് വസ്തുക്കളെ ബദൽ ഉൽപ്പന്നങ്ങൾ ശീലമാക്കാം തുടങ്ങിയ വിഷയങ്ങളിൽ ഹരിത കേരളം മിഷൻ പ്രതിനിധികൾ ടി.എസ് ദീപുവും കെ.എ.അനൈനയും ക്ലാസ് നയിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ആനി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മെമ്പർ എൻ. ഒ ബാബു, പി.ടി.എ. പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.