ഇച്ഛാശക്തിയുള്ള ജനത ഒപ്പമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

ഇച്ഛാശക്തിയുള്ള ജനത കൂടെയുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേലങ്ങാടി ജി വി എച്ച് എസ് എസ് മൈതാനത്ത് സംഘടിപ്പിച്ച കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവുമധികം വിവേചനത്തിന് ഇരയാകുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ അവകാശമാണ് കേന്ദ്രസർക്കാർ നിഷേധിക്കുന്നത്.

നിരവധി നേട്ടങ്ങൾ കേരളം കൈവരിച്ചെങ്കിലും ഇനിയും മുന്നേറാനുണ്ട്. മലപ്പുറത്ത് പെൺകുട്ടികളുടെ ഉയർച്ചയും അക്കാദമിക് മികവും ശ്രദ്ധേയമാണ്. കോട്ടക്കലിലെ ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കുന്ന 400 പേരിൽ 350 പേരും പെൺകുട്ടികളാണ്. വലിയ മാറ്റമാണിന്. അക്കാദമിക് തലത്തിൽ കൂടുതൽ മാറ്റമുണ്ടാകുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ അക്കാദമിക് തലത്തിൽ, കുട്ടികൾ അറിയേണ്ട കാര്യങ്ങൾ അറിയിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ചില പാഠ ഭാഗങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ കേരളം അംഗീകരിച്ചില്ല.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത കാലാനുസൃതമായ മാറ്റങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ കാര്യങ്ങളിൽ സംസ്ഥാനത്തെ സഹായിക്കേണ്ട കേന്ദ്രസർക്കാർ തികച്ചും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ്. യുജിസി നടപ്പാക്കിയ ശമ്പള പരിഷ്കരണം കേരളത്തിൽ നടപ്പാക്കിയപ്പോൾ കേരളം ചെലവഴിച്ച തുക പോലും കേന്ദ്രം നൽകുന്നില്ല. 750 കോടി രൂപയാണ് ഈയിനത്തിൽ ലഭിക്കാനുള്ളത്.

കേന്ദ്ര സമീപനം നാടിനെ മുന്നോട്ട് നയിക്കാൻ സഹായകരമല്ല. ഇക്കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. ഈ സദസ്സ് ബഹിഷ്‌കരിക്കുന്നവർ നാടിന്റെ താത്പര്യത്തെയാണ് എതിർക്കുന്നത്. നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാവരും ചേർന്ന് കേരളത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള വേദിയായാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവർക്ക് ഈ വേദിയിൽ തന്നെ വിമർശിക്കാം. വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെങ്കിൽ ജനാധിപത്യ രീതിയിൽ മറുപടി നൽകുകയും ചെയ്യും.

ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗവും സംഘാടക സമിതി ചെയർമാനുമായ എൻ. പ്രമോദ് ദാസ് അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് നോഡൽ ഓഫീസറായ ജില്ലാ പട്ടികജാതി ഓഫീസർ കെ. മണി കണ്ഠൻ സ്വാഗതവും തഹസിൽദാർ പി. അബൂബക്കർ നന്ദിയും പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *