ആരുടെയും സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടില്ല: മന്ത്രി വി. ശിവൻകുട്ടി

Spread the love

ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എതെങ്കിലും വിഭാഗത്തിന്റെ സംവരണാനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏറനാട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ സംവരണത്തിന്റെ പേരിൽ മുസ്ലിം വിഭാഗത്തിന്റെ സംവരണം കവർന്നെടുക്കുന്ന നിലപാട് സർക്കാരിനില്ല. ഇതുമായി ബന്ധപ്പെട്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി സംവരണം സംബന്ധിച്ച് നാല് ശതമാനം സംവരണം നൽകാനാണ് സുപ്രീം കോടതിയുടെയും ഹൈക്കോടതി യുടെയും ഉത്തരവുകൾ നിലവിലുള്ളത്. ഭിന്നശേഷി സംവരണം ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ മാത്രമാണ് ജാതി സംവരണമുള്ളത്. എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ ജാതി സംവരണമില്ല. സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഒരു സീറ്റു പോലും സർക്കാർ ഇടപെട്ട് ഏറ്റെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

50ലധികം കുട്ടികൾ പഠിക്കുന്ന പ്ലസ് വൺ ബാച്ചുകൾ അടുത്ത അധ്യയന വർഷം മുതൽ ക്രമീകരിക്കും. ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നതും ജില്ലയിലാണ്. പ്ലസ് വൺ ബാച്ചുകൾ ഏറ്റവുമധികം അനുവദിച്ചത് മലപ്പുറത്താണ്. ഈ വർഷം 84 പുതിയ പ്ലസ് വൺ ബാച്ചുകളാണ് ജില്ലയ്ക്ക് അനുവദിച്ചത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് തുടർന്നും മലപ്പുറം ജില്ലയ്ക്ക് മുന്തിയ പരിഗണന നൽകും. കഴിഞ്ഞ ഏഴര വർഷത്തിൽ 5000 കോടി രൂപയാണ് സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ സർക്കാർ ചെലവഴിച്ചത്. മലപ്പുറം ജില്ലയിൽ 167 സ്‌കൂളുകളുടെ ഭൗതിക സാഹചര്യ വികസനത്തിനായി 460 കോടി ചെലവഴിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിൽ 11,171 അധ്യാപകർക്ക് പി.എസ്.സി വഴി നിയമനം നടത്തിയതായും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *