സഹകരണ മേഖലയിൽ നടപ്പാക്കിയ നവകേരളീയം കുടിശ്ശിക നിവാരണം – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. പദ്ധതിയുടെ ആനുകൂല്യം പരമാവധി സഹകാരികൾക്ക് ലഭ്യമാക്കുന്നതിനായാണ് സമയം നീട്ടിയതെന്ന് സഹകരണം – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.പ്രാഥമിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കുടിശ്ശിക കുറക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് പ്രാഥമിക സംഘങ്ങളെ/ബാങ്കുകളെ കുടിശ്ശിക രഹിത സംഘങ്ങൾ/ബാങ്കുകളാക്കി മാറ്റുന്നതിനും വായ്പക്കാർക്ക് ആശ്വാസമാവുന്നതിനുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി രണ്ടാം ഘട്ടം നവംബർ 1 മുതൽ 30 വരെ നടപ്പിലാക്കിയിരുന്നത്. ഇതാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്.പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഈ പദ്ധതി പ്രകാരം സാധാരണ പലിശ നിരക്കിലാണ് പലിശ കണക്കാക്കുന്നത്. മരണപ്പെട്ടവർക്കും മാരക രോഗങ്ങൾ ബാധിച്ചവർക്കും ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പ്രത്യേകം ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്. പലകാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് പരമാവധി ഇളവുകളോടെ വായ്പകണക്കുകൾ അവസാനിപ്പിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു.