ഇടുക്കി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി, അടിമാലി എന്നീ മണ്ഡലങ്ങളില്‍ കളക്ടര്‍ സന്ദര്‍ശിച്ചു. തൊടുപുഴയില്‍ കഴിഞ്ഞ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12,000 ത്തോളം പേരെയാണ് നവകേരള സദസ്സിലേക്ക്
പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിലേക്കെത്തുന്ന എല്ലാവര്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇടുക്കി മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കുന്നതിന് യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കട്ടപ്പന കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും വാത്തിക്കുടിയില്‍ നിന്നും ഇടുക്കിയിലേക്കും കട്ടപ്പനയില്‍ നിന്നും വാഴവര വഴി ഇടുക്കിയിലേക്കും ഒരു ട്രിപ്പ് വീതവും കാമാക്ഷി പാറക്കടവില്‍ നിന്നു തങ്കമണി വഴി ഇടുക്കിയിലേക്ക് നാല് ട്രിപ്പും എട്ടാം മൈലില്‍ നിന്നും കാല്‍വരി മൗണ്ട് വഴി ഇടുക്കിയിലേക്ക് രണ്ട് ട്രിപ്പും പ്രത്യേക സര്‍വീസ് നടത്തും. നവകേരള സദസ്സിനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേവികുളം നിയോജകമണ്ഡലത്തിന്റെ നവകേരള സദസില്‍ പങ്കെടുക്കാനും പരാതി സമര്‍പ്പിക്കാനും വരുന്നവര്‍ ആളുകളെ വിശ്വദീപ്തി സ്‌കൂളിന് സമീപം ഇറക്കിയതിന് ശേഷം വലിയ ബസുകളും കാറുകളും ബൈക്കുകളും ഈസ്റ്റേണ്‍ സ്‌കൂള്‍ ഗ്രൗണ്ടിലും കാറുകളും ബൈക്കുകളും അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലും കാറുകളും ബൈക്കുകളും പഞ്ചായത്ത് ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്യണം. പങ്കെടുക്കുവാന്‍ വരുന്നവര്‍ക്കും പരാതിക്കാര്‍ക്കും 11 മണിമുതല്‍ വിശ്വദീപ്തി സ്‌കൂളില്‍ എത്തിച്ചേരാം.