കോട്ടയം : തൊഴില്‍ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുന്ന നൂതന തൊഴില്‍ നൈപുണ്യ പരിശീലന കോഴ്സുകളൊരുക്കി പാമ്പാടി അസാപ് കേരള കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക്. , ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി (എആര്‍/ വിആര്‍) രംഗത്തെ വിവിധ ജോലികള്‍ക്ക് ആവശ്യമായ നൈപുണ്യ വികസനത്തിന് വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എആര്‍ സെന്റര്‍ ഓഫ് എക്സലന്സിനു കീഴില്‍ വിവിധ കോഴ്സുകള്‍ ലഭ്യമാണ്.
യൂസര്‍ വി.ആര് ഡെവലപ്പര്‍, അസ്സോസിയേറ്റ് ഗെയിം ഡെവലപ്പര്‍, പ്രൊഫഷണല്‍ ഇന്‍ ഗ്രാഫിക് ഡിസൈനിങ് എന്നിവയാണ് ഇവിടെ ലഭ്യമായ കോഴ്സുകള്‍. പുതിയ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രൊഫഷനലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ കോഴ്സുകളും പരിശീലനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഈ കോഴ്സുകള്‍ക്ക് കേരള നോളജ് ഇക്കോണമി മിഷന് സ്കോളര്‍ഷിപ്പും ലഭിക്കും. പട്ടികജാതി / പട്ടികവര്‍ഗ / മത്സ്യത്തൊഴിലാളി സമൂഹം, ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി, മുന്‍ഗണനാ വിഭാഗത്തിലുള്ള സ്ത്രീകള്‍, സിംഗിള്‍ പാരന്റായ വനിതകള്‍ എന്നിവര്‍ക്ക് 70 ശതമാനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും.
നഴ്സിംഗ് മേഖലയില്‍ വേഗത്തില്‍ ജോലി കണ്ടെത്താവുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, റബര്‍ ലാബ് ടെസ്റ്റിംഗ് പരിശീലനം നല്കുന്ന ലാബ് കെമിസ്റ്റ് എന്നീ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) സ്കില്‍ ഹബ് പദ്ധതിയില്‍ യോഗ ഇന്‍സ്ട്രക്ടറും, ഡാറ്റ എന്‍ട്രി കോഴ്സും സൗജന്യമായി പഠിക്കാം. ആയുര്‍വേദ വെല്‍നെസ്സ് മേഖലയില്‍ ബൈഫ ആയുര്‍വേദയുമായി സഹകരിച്ചു രണ്ടു പുതിയ കോഴ്സുകളും സ്കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്നുണ്ട്. ക്വാളിറ്റി കണ്ട്രോള് & ക്വാളിറ്റി അഷുറന്‍സ് ടെക്നിക്സ് ഇന്‍ ആയുര്‍വേദിക് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, ആയുര്‍വേദ തെറാപ്പി, പഞ്ചകര്‍മ്മ & സോഫ്റ്റ് സ്കില്‍സ് എന്നീ കോഴ്സുകള്‍ 30 ശതമാനം ഫീസ് ഇളവും ലഭിക്കും.
കോഴ്സുകള്‍ക്കു പുറമെ ഓരോ ആഴ്ചകളിലും വിവിധ ശില്‍പ്പശാലകളും സെമിനാറുകളും പാമ്പാടി കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടന്നു വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 77366 45206.
Athulya K R