കോട്ടയം : ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലി കോട്ടയം ജില്ലയിൽ പ്രവേശിച്ചു. കഞ്ഞിക്കുഴി, കുമരകം, ബണ്ട് റോഡ്, തണ്ണീർമുക്കം തുടങ്ങി ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി ഇൻഷുറൻസ് ബോധവൽക്കരണ ലഘുലേഖ വിതരണം ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ വനിതാ റൈഡർമാരായ ഡോ. സന, അലീന, ഷംന എന്നിവരാണ് തിരുവനന്തപുരം മുതൽ കൊച്ചി വരെ നീളുന്ന റാലി നയിക്കുന്നത്.
2047ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡലവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) രാജ്യവ്യാപക പ്രചരണത്തിന്റെ ഭാഗമായാണ് കേരളത്തിൽ മാഗ്മ എച്ച്.ഡി.ഐ വനിതാ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. റാലിയിലുടനീളം റൈഡർമാർ ഇൻഷുറൻസ് ബോധവൽക്കരണ സദസ്സുകൾ നടത്തുന്നുണ്ട്.
“ശാക്തീകരണവും ബോധവൽക്കരണവും ഒന്നു ചേരുന്നതാണ് ഈ വനിതാ ബൈക്ക് റാലി നൽകുന്ന സന്ദേശം. വനിതകളെ പ്രചോദിപ്പിക്കുന്നതിനൊപ്പം ഓരോരുത്തരുടേയും ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇൻഷുറൻസിനുള്ള പ്രധാന പങ്കിനെ കുറിച്ചും ഈ പരിപാടിയിലൂടെ ബോധവൽക്കരിക്കുന്നു. കേരളത്തിൽ ഈ ചുമതല നിർവഹിക്കുന്നതിന് ഐആർഡിഎഐ ഞങ്ങളെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്,” മാഗ്മ എച്ഡിഐ ചീഫ് ടെക്ക്നിക്കൽ ഓഫീസർ അമിത് ഭണ്ഡാരി പറഞ്ഞു.
‘ഇൻഷുറൻസ് എടുത്തോ?’ എന്ന പേരിൽ മാഗ്മ എച്ഡിഐ നടത്തി വരുന്ന ഇൻഷുറൻസ് പ്രചരണത്തിന്റെ ഭാഗമാണ് ഈ വനിതാ ബൈക്ക് റാലിയും. ഇൻഷുറൻസ് എന്തിന്, എങ്ങനെ പരിരക്ഷ ഉറപ്പാക്കാം, ഇൻഷുറൻസ് പരിരക്ഷയുടെ പ്രയോജനങ്ങൾ തുടങ്ങി പൊതുജനങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിന് വിപുലമായ ഡിജിറ്റൽ വിവര ശേഖരവും മാഗ്മ എച്ഡിഐ ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ ക്യാപ്ഷൻ; ഇൻഷുറൻസ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാഗ്മ എച്ച്.ഡി.ഐ സംഘടിപ്പിച്ച വനിതാ ബൈക്ക് റാലി കോട്ടയത്തെത്തിയപ്പോൾ.
Ajith V Raveendran