എരുമേലി:ജെസ്നാ മരിയ ജയിംസ് എന്ന വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ജെസ്നയുടെ തിരോധനം സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭ്യമായാൽ തുടരരന്വേഷണം നടത്താൻ തയാറാണെന്ന് വ്യക്തമാക്കിയാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജെസ്നയെ എരുമേലിയിൽ നിന്ന് കാണാതായത്.
സിബിഐ അന്വേഷണത്തിലും ജെസ്നയെ കണ്ടെത്താനോ വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചിരുന്നില്ല. തുടർന്ന് ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ക്ലോഷർ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. നിർണായക തെളിവുകൾ ലഭിക്കാതെ കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്നും തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്താമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.
കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാകുകയായിരുന്നു. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഐജി മനോജ് എബ്രഹാം ഉൾപ്പെടെയുള്ളവരാണ് കേസ് അന്വേഷിച്ചത്. ജെസ്നയെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2021 ഫെബ്രുവരി 19നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് കെ എം അഭിജിത്, ജസ്നയുടെ സഹോദരനുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ആദ്യകാലങ്ങളിൽ പറ്റിപ്പോയത് ലോക്കൽ പോലീസിൻ്റെ അനാസ്ഥയാണെന്നും ജെയിംസ് ജോസഫ് കുറ്റപ്പെടുത്തി. പരാതി കൊടുത്ത് ഏഴു ദിവസം കഴിഞ്ഞാണ് പോലീസ് അന്വേഷിക്കാൻ എത്തിയത്. കുറച്ചു ആളുകൾ അന്വേഷണം വഴിതിരിക്കാൻ വേണ്ടി ശ്രമിച്ചു. ഊഹാപോഹങ്ങൾ വെച്ചു അങ്ങോട്ടുമിങ്ങോട്ടും പോയപ്പോൾ സമയം പോയി. ഇതോടെ വിലപ്പെട്ട ആഴ്ചകൾ നഷ്ടമായിയെന്നും അദ്ദേഹം പറഞ്ഞു.
ജെസ്നയെക്കുറിച്ച് നിർണായക വെളിപ്പെടുത്തൽ ലഭിച്ചുവെന്ന അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ പ്രതികരണം സംബന്ധിച്ചും പിതാവ് പ്രതികരണം നടത്തി. ഒരാളെ കണ്ടുവെന്ന് സൂചന ലഭിച്ചെങ്കിൽ തുടരന്വേഷണം നടത്താമല്ലോ. അതിനുള്ള സൗകര്യങ്ങൾ കേരള പോലീസിന് ഉണ്ട്. പെൻഷനാകുന്നതിൻ്റെ തലേദിവസം പറഞ്ഞുപോയിട്ടു കാര്യമില്ല. നമുക്ക് കിട്ടേണ്ടത് ജെസ്നയെ ആണെന്നും പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു.
കാണാതായ മകളുടെ പരാധിയിൽമേൽ എന്തുകൊണ്ട് ലോക്കൽ പോലീസ് അനാസ്ഥ കാട്ടി?എന്തൊക്കെയോ ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയിന്മേൽ അന്വേഷണം വൈകിയെന്ന പോലീസിന്റെ വാദം മുഖ വിലക്ക് എടുക്കാതെ അന്വേഷണം ആദ്യം മുതലേ നടത്തിയാൽ കേസിനു തുമ്പുണ്ടാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.