അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായ ടൂര്‍ ഡി കേരള സൈക്ലത്തോന്‍ ഇന്ന് ആരംഭിക്കും

Spread the love

കാസര്‍ഗോഡ് : സംസ്ഥാന സര്‍ക്കാരും കായിക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായുള്ള ടൂര്‍ ഡി കേരള സൈക്ലത്തോന്‍ ഇന്ന് (12/ 01/ 2024, വെള്ളിയാഴ്ച) കാസര്‍ഗോഡ് നിന്നും ആരംഭിക്കും. രാവിലെ 11 മണിക്ക് കളക്ടറേറ്റ് അങ്കണത്തില്‍ വെച്ച് ഫ്‌ലാഗ് ഓഫ് ചെയ്യും. ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോന്‍ സംഘടിപ്പിക്കുന്നത്. 12 ദിവസത്തോളം നീളുന്ന ഈ സൈക്കിളോട്ടം 23ന് തിരുവനന്തപുരത്ത് സമാപിക്കും. ഉച്ചകോടിയുടെ വാഹന പ്രചാരണ ജാഥയും സൈക്ലത്തോണിനെ അനുഗമിക്കും.
‘ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കെ-വാക്ക് എന്ന മെഗാ വാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22 നാണ് വൈകുന്നേരം നാലു മണി മുതല്‍ 9 മണി വരെയാണ് ഈ പരിപാടി. ‘എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും കായികക്ഷമത’ എന്ന മുദ്രാവാക്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 23 മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കായിക കലാ രൂപങ്ങള്‍ സമന്വയിക്കുന്ന സാംസ്‌ക്കാരിക പ്രകടനവും ഉദ്ഘാടന ദിവസം അരങ്ങേറും. സ്‌പോര്‍ട്‌സ് പ്രധാന പ്രമേയമായ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും ഉണ്ടാകും.
ഇന്ത്യയിലാദ്യമായി കേരളം രൂപം നല്‍കിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം.
13 വിഷയങ്ങളിലായി 105 ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. സ്‌പോര്‍ട്‌സ് ഇക്കോണമി, സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രി, വെല്‍നെസ്, ലീഗുകളും വലിയ ചാമ്പ്യന്‍ഷിപ്പുകളും, ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെന്റ്, അക്കാദമികളും ഹൈ പെര്‍ഫോര്‍മന്‍സ് സെന്ററുകളും, ഇ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് സയന്‍സ്, ടെക്‌നോളജി & എന്‍ജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കോണ്‍ഫറന്‍സ് തീമുകള്‍.
റിസര്‍ച്ച് പേപ്പറുകളുടെ അവതരണം, സ്റ്റാര്‍ട്ടപ്പ് പിച്ച്, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്, എക്‌സിബിഷന്‍, ബയര്‍ – സെല്ലര്‍ മീറ്റ്, ഇ സ്‌പോര്‍ട്‌സ് ഷോക്കേസ്, സ്‌പോര്‍ട്‌സ് കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കിങ്, സ്‌പോര്‍ട്‌സ് പ്രമേയമായ സിനിമകളുടെ പ്രദര്‍ശനം, ഹെല്‍ത്തി ഫുഡ് ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *